ഓൺലൈൻ വാടക തട്ടിപ്പ്; ഷാർജയിൽ 13പേർ പിടിയിൽ
text_fieldsഷാർജ: ഓൺലൈൻ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി ഷാർജ പൊലീസ്. വാടകക്ക് പ്രോപ്പർട്ടികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന 13അംഗ ഏഷ്യൻ വംശജരായ സംഘത്തെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്ത് മീറ്റിങുകളിലേക്ക് ക്ഷണിച്ച ശേഷം വ്യാജ കരാറുകളിൽ ഏർപെട്ടാണ് പണം തട്ടിയെടുത്തിരുന്നത്. പിന്നീട് പണം വിദേശത്തേക്ക് കൈമാറുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. ഏഴ് പ്രധാന കേന്ദ്രങ്ങൾ ആസ്ഥാനമാക്കിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്.
വ്യാജ പരസ്യങ്ങൾ നൽകിയാണ് വാടകക്ക് പ്രോപ്പർട്ടി ആവശ്യമുള്ളവരെ സംഘം കണ്ടെത്തിയിരുന്നത്. തുടർന്ന് സൈറ്റ് സന്ദർശനം അടക്കം ഒരുക്കുകയും ചെയ്യും. തുടർന്ന് ടോക്കൺ തുക ആവശ്യപ്പെടുകയും വ്യാജ കരാറുകളിൽ ഒപ്പുവെക്കുകയുമാണ് രീതി. പിന്നീട് പണവുമായി മുങ്ങുകയും ചെയ്യും. തട്ടിപ്പിൽ അകപ്പെട്ട ഒരാളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എല്ലാ തെളിവുകളും നശിപ്പിക്കുകയും സ്ഥിരമായി ഫോൺ നമ്പറുകൾ മാറ്റുകയും ചെയ്യുന്ന സംഘത്തെ വളരെ ശ്രദ്ധയോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാൻ സാധിച്ചത്. അന്വേഷണത്തിന്റെ വിജയത്തിന് കാരണമായത് നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണെന്ന് ഷാർജ പൊലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ കേണൽ ഉമർ അഹമ്മദ് ബുൽസൂദ് പറഞ്ഞു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയ ഫീൽഡ് ടീമുകളെയും പൊലീസ് നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.
പണം നൽകുന്നതിന് മുമ്പ് വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളുടെ ആധികാരികതയും പ്രോപ്പർട്ടി ഉടമകളുടെ വിശ്വാസ്യതയും പരിശോധിക്കണമെന്ന് ഷാർജ പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

