ഓൺലൈൻ ജോലി തട്ടിപ്പ്: മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഫുജൈറ: സോഷ്യൽ മീഡിയയിലൂടെ ജോലി ഒഴിവുണ്ടെന്ന് പരസ്യം നൽകി പണം തട്ടുന്ന സംഘത്തിൽനിന്ന് മലയാളി യുവാവ് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്.
മലപ്പുറം ചെമ്മങ്കടവിലെ മുഹമ്മദ് ഷഹീൻ എന്ന ഉദ്യോഗാർഥി സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽമറായി കമ്പനിയിൽ ജോലി ഒഴിവുണ്ട് എന്ന് കാണിച്ചു ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യത്തിൽ നൽകിയ അഡ്രസ്സിൽ ബന്ധപ്പെടുകയും അവർ നിർദേശിച്ചതനുസരിച്ച് ബയോഡേറ്റ അയച്ചു കൊടുക്കുകയും ചെയ്തു.
ഉടൻ ഉയർന്ന ശമ്പളത്തോടുകൂടി കമ്പ്യൂട്ടർ ഓപറേറ്റർ ജോലി ലഭിച്ചതായുള്ള ഓഫർ ലെറ്ററും കമ്പനി ലെറ്റര്‍പാഡില്‍ അയച്ചുകൊടുത്തു.
തുടർന്ന് വിസക്ക് അപേക്ഷിക്കുന്നതിനായി പാസ്പോർട്ട് കോപ്പിയും ഫോട്ടോയും മറ്റു വിവരങ്ങളും അയക്കാൻ ആവശ്യപ്പെട്ടു. ഇവ അയച്ച് നൽകി രണ്ടു ദിവസത്തിനുശേഷം വിസ ലഭിച്ചതായി വിവരം അറിയിക്കുകയും കോപ്പി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഒറിജിനലിനെ വെല്ലുന്ന വിസ ഈ ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. ശേഷം മെഡിക്കൽ ആവശ്യത്തിനുവേണ്ടി 13,000 രൂപ നെറ്റ് ബാങ്കിങ് വഴി അയച്ചു നൽകാൻ കമ്പനി ആവശ്യപ്പെടുകയായിരുന്നു.
ഈ വിവരങ്ങൾ ഉദ്യോഗാർഥിയുടെ ഫുജൈറയിലുള്ള പിതാവ് അബ്ദുൽ നസീർ ഫുജൈറയിലെ മാധ്യമം ലേഖകനുമായി പങ്കുവെക്കുകയായിരുന്നു. തുടർന്ന് സത്യാവസ്ഥ അറിയുന്നതിനായി അൽമറായി കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് അവർ ഇങ്ങനെ ഒരു പരസ്യം നൽകിയിട്ടില്ലെന്നും വിസ നൽകിയിട്ടില്ലെന്നും അറിയാനായത്. ഇത് വ്യാജമാണെന്നും തട്ടിപ്പ് സംഘത്തെ സൂക്ഷിക്കണമെന്നും കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്കി.

