ഓണ്‍ലൈന്‍ തട്ടിപ്പ്: ബോധവത്കരണവുമായി റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: വര്‍ധിച്ചുവരുന്ന ഇലക്ട്രോണിക് തട്ടിപ്പുകള്‍ക്കെതിരെ കഴിഞ്ഞ മാസം ആരംഭിച്ച ബോധവത്കരണ പരിപാടികള്‍ തുടര്‍ന്ന് റാക് ആഭ്യന്തര മന്ത്രാലയം. റാക് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമായി സഹകരിച്ച് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ‘ഇലക്ട്രോണിക് ഫ്രോഡ്’ എന്ന ശീര്‍ഷകത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. നിയമവിരുദ്ധമായ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ശ്രമിക്കുന്ന വ്യക്തികളുടെയും സംഘങ്ങളുടെയും വഞ്ചനപരമായ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനും ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനും ഫോണ്‍ വഴിയുള്ള വിവര കൈമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഫലം ചെയ്യും. ഇടപാടുകള്‍ നടത്തുന്നതിന് വെബ് സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ജാഗ്രത കാണിക്കണം. വ്യാജ വിലാസങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്കുന്നു. ഇ-തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 250,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയും തടവുള്‍പ്പെടെയുള്ള ശിക്ഷ നടപടികളുമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

