ജോലി വാഗ്ദാനംചെയ്ത് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘങ്ങൾ വീണ്ടും
text_fieldsഫുജൈറ: അമേരിക്കയിലേയോ യൂറോപ്പിലെയോ പ്രശസ്ത കമ്പനികളിലേക്ക് ഉയര്‍ന്ന ജോലി വാഗ്ദാനം നല്‍കി വിസക്കുള്ള പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘങ്ങളെ സൂക്ഷിക്കുക. അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികള്‍ വഴി ജോലിക്ക് അപേക്ഷിക്കുന്നവരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഏജൻസികളില്‍ നിന്ന് അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രശസ്ത കമ്പനികളുടെ പേരില്‍ നിര്‍മിച്ച വ്യാജ ഇമെയില്‍ വിലാസത്തിലൂടെ ഉദ്യോഗാര്‍ഥിയുടെ ബയോഡാറ്റ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടും.
ശേഷം രണ്ടു മൂന്നു ദിവസത്തിനു ശേഷം അപേക്ഷകനെ വീണ്ടും ബന്ധപ്പെടുകയും ഉചിതമായ ജോലിയുണ്ടെന്നും ഉടന്‍തന്നെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കണമെന്നും നിർദേശിക്കും. കുറെയധികം അപേക്ഷകള്‍ ഉള്ളതിനാല്‍ നേരിട്ട് വിളിച്ച് അഭിമുഖം നടത്താന്‍ പ്രയാസമാണെന്നും ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കുറഞ്ഞ സമയത്തിനുള്ളില്‍ എഴുതി അറിയിക്കണമെന്നും ആവശ്യപ്പെടും.
മെയില്‍ പ്രതീക്ഷിച്ച് കാത്തുനില്‍ക്കുന്ന അപേക്ഷകന് എഴുത്തു പരീക്ഷയില്‍ വിജയിച്ചതിനുള്ള ആശംസയും കമ്പനിയുടെ ലെറ്റർഹെഡില്‍ തയ്യാറാകിയ വമ്പന്‍ വാഗ്ദാനങ്ങളോടെ ജോലി വാഗ്ദാനവുമാണ് തുടർന്ന് എത്തുക. അടുത്ത പടിയായി അമേരിക്കൻ വിസക്കുള്ള തയ്യാറെടുപ്പിന് പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും മറ്റും അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥന് അയച്ചു നൽകാൻ നിർദേശിക്കും. എംബസി ഉദ്യോഗസ്ഥേൻറത് എന്ന പേരിൽ നൽകുന്നത് തട്ടിപ്പുകാരുടെ വിലാസമാണ്.
വളരെ വിശ്വസനീയമായാണ് ഇവരുടെ എഴുത്തുകുത്തുകൾ. വിസ ആവശ്യത്തിനു വരുന്ന ചെലവ് തുടക്കത്തില്‍ അപേക്ഷകന്‍ എടുക്കണമെന്നും വിമാന യാത്ര ടിക്കറ്റ് കമ്പനി അയച്ചു നല്‍കുമെന്നും ജോലിക്ക് കയറിയ ഉടനെ വിസക്ക് ചിലവായ തുക തിരിച്ചു നല്‍കുമെന്നും അറിയിക്കും. ജോലി ഉറപ്പായെന്ന വിശ്വാസത്തിൽ ആളുകൾ വിസക്കുള്ള തുക അയച്ചു കൊടുക്കും. പിന്നീട് തുടര്‍ വിവരം ഒന്നും ലഭിക്കാതാവുമ്പോള്‍ മാത്രമാണ് സംഗതി വ്യാജനാണെന്ന് വ്യക്തമാവുക.
വ്യാജ വാഗ്ദാനം വരുന്ന ഇമെയിലുകൾ ഉടനടി പൊലീസിൽ അറിയിക്കുന്നതാണ് അഭികാമ്യം. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെൻറർ(െഎ. ഡബ്ലിയു.ആർ.സി) മുഖേനയും കമ്പനികൾ യഥാർഥമാണോ എന്നറിയാനാവും. 80046342 എന്ന നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
