രണ്ടു മിനിറ്റിനുള്ളിൽ പരാതി നൽകാം; ഓൺലൈൻ സംവിധാനവുമായി ദുബൈ
text_fieldsദുബൈ: രണ്ടു മിനിറ്റിനുള്ളിൽ പരാതി നൽകാനുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ദുബൈ. ‘04’ എന്ന് പേരിട്ട പ്ലാറ്റ്ഫോം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
40 സർക്കാർ സർവിസുകൾ ഇതിനു കീഴിൽ വരും. 04.gov.ae എന്ന വെബ്സൈറ്റ് വഴിയോ 600500055 എന്ന വാട്സ്ആപ് നമ്പർ വഴിയോ ഈ സേവനം ഉപയോഗപ്പെടുത്താം. മൂന്നു തരത്തിലുള്ള സേവനങ്ങളാണ് പ്രധാനമായും നൽകുന്നത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകുക, ഏതെങ്കിലും സേവനങ്ങളെ കുറിച്ചുള്ള പരാതി നൽകുക, നല്ലതും മോശമായതുമായ അഭിപ്രായങ്ങൾ അറിയിക്കുക എന്നിവയാണ് പുതിയ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ.
ലോഗിൻ ചെയ്ത് മൂന്നു സ്റ്റെപ്പിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. സർക്കാർ സേവനങ്ങളിൽ ഉപഭോക്താക്കളുടെ ഇടപെടലുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയത്. ഉപഭോക്താക്കൾ എന്നാൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ മാത്രമല്ലെന്നും അവ രൂപകൽപന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും വിലയിരുത്തുന്നതിലും പങ്കാളികളാകേണ്ടവരാണെന്നും ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

