ഷാർജയിലെ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്
text_fieldsഷാർജ: ഇടവേളക്ക് ശേഷം ഷാർജയിലെ എല്ലാ സ്കൂളുകളും വീണ്ടും നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്നു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതലാണ് പൂർണമായും ക്ലാസ് മുറി പഠനം ആരംഭിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയാണ് (എസ്.പി.ഇ.എ) ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിനേഷൻ വ്യാപിപ്പിച്ചതും കണക്കിലെടുത്താണ് തീരുമാനം.
കോവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയത്. രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ ഭാഗീകമായി ക്ലാസ് മുറികളിൽ കുട്ടികൾ എത്തിയിരുന്നു. ഓൺലൈനും ഓഫ്ലൈനും ഒരുമിക്കുന്ന ഹൈബ്രിഡ് പഠന രീതിക്കും അനുമതി നൽകിയിരുന്നു. എന്നാൽ, അടുത്ത അധ്യയന വർഷം മുതൽ പൂർണമായും ഓഫ്ലൈൻ പഠനത്തിലേക്ക് മാറുമെന്നാണ് എസ്.പി.ഇ.എയുടെ അറിയിപ്പ്. ഇതോടെ ഓൺലൈൻ പഠനം പൂർണമായും അവസാനിച്ചേക്കും.