ദുബൈയിൽ വാഹന പരിശോധനക്ക് ഓൺലൈൻ ബുക്കിങ് നിർബന്ധം
text_fieldsദുബൈ: എമിറേറ്റിലെ 27 സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലും ജൂൺ 2 മുതൽ വാഹന പരിശോധനക്ക് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എ ദുബൈ സ്മാർട്ട് ആപ് വഴിയോ വെബ്സൈറ്റ് വഴിയോ ബുക്കിങ് നടത്താം. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. തസ്ജീൽ ഹത്ത സെന്ററിന് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വാക്ക്-ഇൻ സേവനം ഇപ്പോഴും 19 കേന്ദ്രങ്ങളിൽ ലഭ്യമാണ്. എന്നാൽ, ഇവരിൽനിന്ന് 100 ദിർഹമിന്റെ അധിക സേവന ഫീസ് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ദുബൈയിൽ രജിസ്റ്റർ ചെയ്ത നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ല.കഴിഞ്ഞ വർഷം ഒക്ടോബറിൽ അൽ ഖിസൈസിലെയും അൽ ബർശയിലെയും തസ്ജീൽ കേന്ദ്രങ്ങളിൽ മാത്രമായി ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചിരുന്നു.
ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിൽ ഈ സംരംഭം ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു.ആറുമാസത്തെ പൈലറ്റ് ഘട്ടത്തിന്റെ ഫലമായി അൽ ഖിസൈസിലെയും അൽ ബർശയിലെയും കേന്ദ്രങ്ങളിൽ വാഹന പരിശോധന സേവനങ്ങൾക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയം ഏകദേശം 46 ശതമാനം കുറഞ്ഞുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

