ബിസിനസ് തുടങ്ങാൻ ഒരു വർഷം അവധി, പകുതി ശമ്പളം
text_fieldsദുബൈ: സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനായി ഒരുവർഷത്തെ അവധി അനുവദിക്കാൻ യു.എ.ഇ സർക്കാർ തീരുമാനിച്ചു. ഇക്കാലയളവിൽ അവർക്ക് പകുതി ശമ്പളവും ലഭിക്കും. സ്വദേശികൾക്കിടയിൽ സംരംഭകത്വശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദബി അൽ വത്ൻ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്. സ്വന്തം ബിസിനസ് സംരംഭങ്ങൾ തുടങ്ങി യു.എ.ഇയുടെ വികസിത സമ്പദ്വ്യവസ്ഥയുടെ പ്രയോജനങ്ങൾ ലഭിക്കുന്നതിന് യുവതലമുറയെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സ്വകാര്യമേഖലയിൽ സ്വദേശികളെ പ്രധാന തൊഴിൽശക്തിയാക്കുന്നതിന് പുതിയ നയപരിപാടി ഈ വർഷം ഫെബ്രുവരിയിൽ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. 2026ഓടെ സ്വകാര്യമേഖലയിൽ 75,000 സ്വദേശികളുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് നാഫിസ് പരിപാടിയുടെ ലക്ഷ്യമായി സർക്കാർ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇത് സാധ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികളിൽ അടുത്തവർഷത്തോടെ രണ്ട് ശതമാനം ജീവനക്കാർ നിർബന്ധമായും സ്വദേശികളായിരിക്കണമെന്ന് മേയിൽ സർക്കാർ ഉത്തരവിട്ടിരുന്നു. 2026ഓടെ ഇത് 10 ശതമാനമാക്കാനും ആലോചനയുണ്ട്.
https://nafis.gov.ae/. എന്ന സൈറ്റിൽ സ്ഥാപനങ്ങൾക്ക് തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യാനും സ്വദേശികൾക്ക് അപേക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. നിശ്ചിത ശതമാനം സ്വദേശികൾക്ക് തൊഴിൽ നൽകാൻ തയാറാകാത്ത കമ്പനികൾ ഓരോ ഒഴിവിനും പ്രതിമാസം 6000 ദിർഹം പിഴ ഒടുക്കേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

