അബൂദബിയിൽ ഇറാന്‍റെ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു; വ്യോമപാത അടച്ചതായി യു.എ.ഇ
text_fieldsഅബൂദബി: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പതിച്ച് അബൂദബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ ‘വാം’ റിപോർട്ട് ചെയ്തു. ഏഷ്യൻ വംശജനാണ് കൊല്ലപ്പെട്ടത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അബൂദബിയിലെ താമസ മേഖലകളിൽ ഉച്ചയോടെയാണ് തുടരെ മിസൈലുകൾ പതിച്ചത്.
ആക്രമണത്തിൽ ചില കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. യു.എ.ഇയുടെ വ്യോമ സംവിധാനങ്ങൾ ഇറാന്‍റെ നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ യു.എ.ഇ വ്യാമപാത അടച്ചിരിക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. യു.എസ് പിന്തുണയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമാണ് നടത്തിയത്.
യു.എ.ഇക്ക് പിന്നാലെ ഖത്തറിലും സൗദി അറേബ്യയിലും ബോംബുകൾ വർഷിച്ചതായി റിപോർട്ടുകളുണ്ട്. അതേസമയം, ഇറാന്‍റെ ആക്രമണം ദേശീയ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും എതിരായ നഗ്നമായ ലംഘനമാണെന്ന് യു.എ.ഇ പ്രസ്താവിച്ചു. സംഘർഷം നേരിടാനുള്ള എല്ലാ അധികാരവും യു.എ.ഇക്കുണ്ട്. രാജ്യത്തിന്‍റെ അതിർത്തിയും ജനങ്ങളുടെ സുരക്ഷയും കാത്തുരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും കിംവദന്തികൾ പരത്തരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, ഇന്ത്യൻ പ്രവാസികൾക്ക് എംബസി കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് നിർദേശം. അടിയന്തര സാഹചര്യങ്ങളിൽ റിപോർട്ട് ചെയ്യാൻ ടോൾ ഫ്രീ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

