തേനിന്റെ ഗുണമേൻമ അറിയാൻ ഒരു മിനിറ്റ്; റോബോട്ടിങ് സംവിധാനം അവതരിപ്പിച്ച് ദുബൈ ലബോറട്ടറി
text_fieldsദുബൈ സെൻട്രൽ ലബോറട്ടറി ഹത്ത ഹണി ഫെസ്റ്റിവലിൽ അവതരിപ്പിച്ച ഒരു മിനിറ്റിനുള്ളിൽ തേനിന്റെ ഗുണമേന്മ അറിയാൻ കഴിയുന്ന റോബോട്ടിക് സാങ്കേതികവിദ്യ
ദുബൈ: ഒരു മിനിറ്റിനുള്ളിൽ തേനിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള റോബോട്ടിക് സംവിധാനവുമായി ദുബൈ സെൻട്രൽ ലബോറട്ടറി. കഴിഞ്ഞദിവസം ആരംഭിച്ച ഹത്ത ഹണി ഫെസ്റ്റിവലിലാണ് നൂതനമായ ഈ റോബോട്ടിനെ പ്രദർശിപ്പിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള പരിശോധനാ സംവിധാനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി.യു.എ.ഇയിലുടനീളമുള്ള തേനീച്ച കർഷകരെയും വ്യാപാരികളെയും ഉപഭോക്താക്കളേയും ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ദുബൈ ഹത്ത ഹണി ഫെസ്റ്റിവലിന്റെ ലക്ഷ്യം.
വ്യത്യസ്തമാർന്ന തേൻവിഭവങ്ങൾ അവതരിപ്പിച്ചും മേഖലയിലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തിയുമാണ് ഓരോ വർഷവും ഫെസ്റ്റിവൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇത്തവണ ഒരു മിനിറ്റിനുള്ളിൽ തേനിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള റോബോട്ടിക് സംവിധാനമാണ് ദുബൈ സെൻട്രൽ ലബോറട്ടറി അവതരിപ്പിച്ചിരിക്കുന്നത്.
തേനിലെ പഞ്ചസാരയുടെ അളവ്, സാന്ദ്രത, സുതാര്യത തുടങ്ങിയ നിർണായക വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഈ റോബോട്ട് കൃത്യമായി വിശകലനം ചെയ്യും. ലബോറട്ടറികളിൽ ദിവസങ്ങളെടുത്ത് നടത്തിയിരുന്ന പരിശോധനകളാണ് ഇതോടെ വിരൽത്തുമ്പിൽ ലഭ്യമാകുന്നത്. ഉപഭോക്താക്കൾ വാങ്ങുന്ന തേൻ ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പ്രാദേശിക തേൻ ഉൽപാദകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കേഷൻ വേഗത്തിൽ ലഭിക്കാനും ഈ സംവിധാനം സഹായിക്കും. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഭക്ഷ്യസുരക്ഷാരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. പ്രാദേശിക കർഷകർ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത തരം തേനുകളും തേൻ ഉത്പന്നങ്ങളും കാണാനും ആസ്വദിക്കാനും വാങ്ങാനുമുള്ള സുവർണാവസരമാണ് ഹത്ത ഹണി ഫെസ്റ്റിവൽ. സന്ദശകർക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബർ 31ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

