ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’
text_fieldsകേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വൃക്ഷത്തൈ സാമ്പിൾ കൈമാറിക്കൊണ്ട് ട്രീബ്യൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രകൃതിയെ ചേർത്തുപിടിക്കാനും അതിലൂടെ നാടിന് നന്മയേകാനും ലക്ഷ്യമിട്ട് യു.എ.ഇയിലെ ഒരു പ്രവാസി സംരംഭകൻ മുന്നോട്ടിറങ്ങിയപ്പോൾ അത് നാടിന് തണലേകുന്ന മഹത്തായ പദ്ധതിയായി മാറുകയാണ്. ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് കേരളത്തിന് പച്ചപ്പ് നൽകാൻ ലക്ഷ്യമിട്ടുള്ള ‘ട്രീബ്യൂട്ട്’ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം കണ്ണൂരിൽ തുടക്കമായി. വ്യവസായി കെ.പി. സഹീർ നേതൃത്വം നൽകുന്ന ‘സ്റ്റോറീ’സാണ് ഈ സ്വപ്നത്തിന് ചിറക് നൽകുന്നത്. രണ്ടുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു.
മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് പ്രകൃതി പ്രതികരിച്ചിരുന്നെങ്കിൽ ഇന്ന് മനുഷ്യരാശി ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ ഓർമിപ്പിച്ചു. പ്രകൃതിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടെങ്കിലും അതിന് പരിഹാരം കാണാൻ അധികമാരും മുന്നോട്ട് വരാറില്ലെന്നും അവിടെയാണ് ഏവർക്കും മാതൃകയായി ‘ട്രീബ്യൂട്ട്’ എന്ന പദ്ധതി ശ്രദ്ധേയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു ഓരോ മരത്തിനും മൂന്നുപേർ രക്ഷാധികാരികളായി മാറും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് ലക്ഷം പൗരന്മാർ മരങ്ങളെ സംരക്ഷിക്കാൻ മുന്നോട്ടുവരുമ്പോൾ, അത് വെറുമൊരു മരംനടീൽ യജ്ഞമല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു വലിയ ജനകീയ കൂട്ടായ്മയായി മാറും. പ്രകൃതിയെ സംരക്ഷിക്കാനും ആഗോളതാപനത്തെ ചെറുക്കാനുമുള്ള കൂട്ടായ ഒരു ശ്രമമാണിതെന്ന് സഹീർ സ്റ്റോറീസ് പറഞ്ഞു
മൂന്നുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയെ ഒരു ജീവിത ദൗത്യമായി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരങ്ങളെ സ്നേഹിക്കുന്ന ആർക്കും ഈ ഉദ്യമത്തിന്റെ ഭാഗമാകാം. മരം നടാൻ സ്ഥലമുള്ളവർക്കും രക്ഷാധികാരിയാകാൻ താൽപര്യമുള്ളവർക്കും www.treebute.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.നടൻ അഖിൽ മാരാർ പദ്ധതിയുടെ സോഷ്യൽ മീഡിയ ലോഞ്ചിങ് നിർവഹിച്ച ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ വെബ്സൈറ്റ് പ്രകാശനം ചെയ്തു. മേജർ മനേഷ്, ഷമീമ, ആർക്കിടെക്ട് സജോ ജോസഫ്, ഇമ്രാൻ, ഫിറോസ് ലാൽ, മഹേഷ്, ഫൈസൽ മുഴപ്പിലങ്ങാട്, ജോബി ജോസഫ്, ശബാബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

