യുവജനങ്ങൾക്ക് ഗൾഫിൽ ലക്ഷം തൊഴിൽ
text_fieldsവിജ്ഞാന കേരളം പരിപാടിയിൽ മുൻ ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു
ഷാർജ: സംസ്ഥാന സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവജനങ്ങൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ കെ.ഡിസ്ക് പ്രതിനിധികൾ യു.എ.ഇയിലെത്തി. മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. പദ്ധതിയിലൂടെ ഈവർഷം ലക്ഷം പേർക്ക് വിദേശത്ത് തൊഴിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡോ. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോ. തോമസ് ഐസകിന് പുറമേ, മെംബർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിൻ തുടങ്ങിയവരാണ് യു.എ.ഇയിൽ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തിയത്.
കേരളത്തിലെ കോളജുകളിലെ അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്ക് വിജ്ഞാനകേരളം പദ്ധതി തൊഴിൽ നൈപുണ്യ പരിശീലനം നൽകും. അവർക്ക് കാമ്പസ് പ്ലേസ്മെന്റ് മാതൃകയിൽ ഗൾഫിൽ തൊഴിൽ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. നിലവിൽ നോർക്കയുടെ ഒഡേപെക് വഴി വർഷം രണ്ടായിരം പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. ഇത് വർഷം ഒരുലക്ഷമായി ഉയർത്താനാണ് ശ്രമം. സർക്കാർ അംഗീകരിച്ച നൈപുണ്യ സർട്ടിഫിക്കറ്റുള്ളവരെ നിയമിക്കാൻ ഗൾഫിലെ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ഡോ. പി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
തൊഴിൽതേടുന്നവർക്ക് രജിസ്റ്റർ ചെയ്യാനായി ഡോ. പി. സരിന്റെ നേതൃത്വത്തിൽ ജോബ് റെഡി എന്ന പേരിൽ പ്ലാറ്റ്ഫോം തയാറാക്കും. എല്ലാമാസവും തൊഴിൽ മേളകൾ സംഘടിപ്പിക്കും. അടുത്തമാസം 12, 13 തീയതികളിൽ തൃശൂരിൽ ഗൾഫിലെ തൊഴിലവസരങ്ങൾ അവതരിപ്പിക്കുന്ന ഗൾഫ് ജോബ് ഫെയർ സംഘടിപ്പിക്കും. എല്ലാ ആഴ്ചയും ഓൺലൈനിൽ തൊഴിൽ മേളകളുണ്ടാകും. ആഗസ്റ്റ് 29, 30 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഹയാത്തിൽ അന്താരാഷ്ട്ര നൈപുണ്യ ഉച്ചകോടി സംഘടിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ധർ ഉച്ചകോടിയിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്നും കെ-ഡിസ്ക് പ്രതിനിധികൾ പറഞ്ഞു. സീനിയർ കൺസൾട്ടന്റ് ബിജു പരമേശ്വരൻ, കൺസൾട്ടന്റ് പ്രിൻസ് എബ്രഹാം എന്നിവരും സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

