ദുബൈയിൽ വെള്ളപ്പൊക്കം തടയാൻ വൻ ഡ്രെയ്നേജ് പദ്ധതി
text_fieldsദുബൈ: വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ എമിറേറ്റിൽ അതിവിപുലമായ ഡ്രെയ്നേജ് പദ്ധതിക്ക് കരാർ നൽകി ദുബൈ മുനിസിപ്പാലിറ്റി. തസ്രീഫ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന് കീഴിൽ അഞ്ച് പുതിയ പദ്ധതികൾക്കാണ് കരാർ അനുവദിച്ചിരിക്കുന്നത്. മൊത്തം 250 കോടി ദിർഹമാണ് ചെലവ്. ഏതാണ്ട് 430 ദശലക്ഷം ചതുരശ്ര മീറ്റർ നീളത്തിൽ 30 പ്രധാന പ്രദേശങ്ങളിലായി നിർമിക്കുന്ന ഓവുചാൽ പദ്ധതി 2040 ഓടെ മൂന്നു ദശലക്ഷം താമസക്കാർക്ക് പ്രയോജനപ്പെടും.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുൻ നിര ആഗോള കമ്പനികളായ ഡിടെക് കോൺട്രാക്ടിങ്, ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജീനിയറിങ് കോർപറേഷൻ, പ്രമുഖ കൺസൽട്ടൻസി സ്ഥാപനങ്ങൾ എന്നിവയുമായാണ് മുനിസിപ്പാലിറ്റി നിർമാണ കരാർ ഒപ്പുവെച്ചിരിക്കുന്നത്. എമിറേറ്റിലുടനീളം തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ പഠനത്തിനും രൂപകൽപ്പനക്കുമുള്ള രണ്ട് കരാറുകളും നടപ്പിലാക്കേണ്ട പദ്ധതികൾക്കായുള്ള മൂന്നു കരാറുകളും പാക്കേജിൽ ഉൾപ്പെടും. കഴിഞ്ഞ വർഷമാണ് 3000 കോടി ദിർഹമിന്റെ തസ്രീഫ് പ്രോഗ്രാം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം അനുസരിച്ചാണ് വികസന പദ്ധതി നടപ്പിലാക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
അടുത്ത നൂറ്റാണ്ടിൽ എമിറേറ്റിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനായി നൂതനവും പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതികൾ. മഴവെള്ളം നിയന്ത്രിക്കുന്നതിനായി സംയോജിതമായ സംവിധാനവും ഡ്രൈനേജുകളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് തസ്രീഫ് പ്രോഗ്രാം ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഖലിത പറഞ്ഞു.
ദുബൈയുടെ മഴവെള്ള ഡ്രെയ്നേജ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ സുപ്രധാനമായ നീക്കമായിരിക്കും ഇത്. ഇതു വഴി പ്രധാന മേഖലകളിലെ ഡ്രൈനേജ് ശൃംഖലകളുടെ ശേഷി ശക്തിപ്പെടുത്താനും കാലാവസ്ഥ മാറ്റങ്ങൾ നേരിടാനുള്ള നഗരത്തിന്റെ സന്നദ്ധത ശക്തിപ്പെടുത്താനും സാധിക്കും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേയും അൽ യലായിസ് റോഡിലേയും നഗരങ്ങളെ മുനിസിപ്പാലിറ്റിയുടെ പ്രാഥമിക മഴവെള്ള ഡ്രെയ്നേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് നാല് മീറ്റർ വരെ വ്യാസമുള്ള ഒരു പ്രധാന തുരങ്കം പദ്ധതിയുടെ ഭാഗമായി നിർമിക്കും. കൂടാതെ ശൈഖ് സായിദ് റോഡിനും അൽ ജമായൽ റോഡിനും ഇടയിൽ 27 കിലോമീറ്ററിലധികം നീളത്തിൽ സംയോജിത മഴവെള്ള ഡ്രൈനേജ് ശൃംഖലയും വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

