ഫുജൈറയിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാൾ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ഫുജൈറ: ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇമാറാത്തി പൗരന്മാരാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 9.48നാണ് തീപിടിത്തം പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് പൊലീസ് പരിക്കേറ്റവരെ ദേശീയ ആംബുലൻസ് സർവിസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മത്സ്യബന്ധനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മറ്റൊരു മത്സ്യത്തൊഴിലാളിയെ അബൂദബിയിൽ ദേശീയ സുരക്ഷ ടീം രക്ഷപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അബൂദബിയിലെ സിർക്കു ദ്വീപിൽനിന്ന് 10 നോട്ടിക്കൽ മൈൽ ദൂരത്തുള്ള ബോട്ടിൽനിന്നാണ് മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമാണെന്ന് റിപ്പോർട്ട് ലഭിച്ച ഉടനെ ദേശീയ സെർച്ച് ആൻഡ് റസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ബോട്ട് കണ്ടെത്തിയ തീര രക്ഷാ സേന സിർക്കുദ്വീപ് ക്ലിനിക്കൽ ടീമിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക ചികിത്സ ലഭ്യമാക്കിയ മത്സ്യത്തൊഴിലാളിയെ തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കടലിൽ ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ എമർജൻസി നമ്പറായ 996ൽ വിളിച്ച് റിപ്പോർട്ട് ചെയ്യാമെന്ന് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

