ഒറ്റ ക്ലിക്കിൽ സ്ത്രീകൾക്കും കുട്ടികൾക്കും സഹായമെത്തും
text_fieldsദുബൈ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന ദുബൈ പൊലീസ് സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇനി അടിയന്തരഘട്ടത്തിൽ ഒറ്റ ക്ലിക്കിൽ സഹായമെത്തിക്കും.
ദുബൈ പൊലീസിന്റെ ആപ്ലിക്കേഷനിലാണ് സഹായമഭ്യർഥിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. 'പ്രൊട്ടക്റ്റ് ചൈൽഡ് ആൻഡ് വുമൺ' എന്ന പേരിലുള്ള ഫീച്ചർ വഴിയാണ് പ്രയാസകരമായ സാഹചര്യത്തിൽ ആപ്പിൽ ക്ലിക്ക് ചെയ്ത് പൊലീസിനോട് സഹായം തേടാൻ സാധിക്കുക. ഈ ഫീച്ചർ വഴി മെസേജ് ലഭിക്കുന്നതോടെ പൊലീസ് സഹായം ആവശ്യമുള്ളയാളെ ഉടനടി ബന്ധപ്പെടുകയും ലൊക്കേഷനിൽ എത്തുകയും ചെയ്യും.
ക്ലിക്ക് ചെയ്യുന്നതോടെ ഒരാളുടെ ലൊക്കേഷൻ എവിടെയാണെന്ന് പൊലീസിന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഇതനുസരിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്നോ പട്രോളിങ് ടീമിൽ നിന്നോ സഹായം ലഭ്യമാക്കും. എന്നാൽ സംവിധാനം ദുരുപയോഗം ചെയ്യരുതെന്നും പരീക്ഷണം നടത്തരുതെന്നും അടിയന്തിരഘട്ടത്തിൽ മാത്രം ഉപയോഗിക്കണമെന്നും പത്ര സമ്മേളനത്തിൽ അധികൃതർ നിർദേശിച്ചു. ആപ്ലിക്കേഷനിലെ പുതിയ ഫീച്ചർ സംബന്ധിച്ച് അറിയിക്കാനാണ് പൊലീസ് പത്രസമ്മേളനം വിളിച്ചു ചേർത്തത്.
ദുബൈ പൊലീസ് ആപ്പ് 40ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21ലക്ഷത്തിലധികം ഇടപാടുകളും ഇതുവഴി നടന്നു. ഏറ്റവും പുതിയ പ്രോഗ്രാമിങ് ഭാഷകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്ന ആപ്പിൽ അറബി, ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഏഴ് ഭാഷകളിൽ സേവനം ലഭ്യമാണ്.
പുതിയ ഫീച്ചർ ആർടിഫിഷ്യൽ ഇന്റിജൻസ് സംവിധാനവും മറ്റും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുകയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
പുതുക്കിയ ആപ്ലിക്കേഷനിൽ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താവിന് മുഖം കാണിച്ച് ലോഗിൻ ചെയ്യാവുന്നതടക്കം എളുപ്പത്തിൽ ഉപയോഗിക്കുന്ന സംവിധാനങ്ങളുണ്ട്. അതുപോയെ പെട്ടെന്ന് റോഡ് അടക്കുന്നതും വലിയ ട്രാഫിക് അപകടങ്ങളും ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചറും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങളെ തുടർന്ന് റോഡ് അടച്ചിടുന്ന സാഹചര്യമുണ്ടാകുന്നത് കമാൻഡ് ആൻഡ് കൺട്രോൾ റൂമിലോ പൊലീസ് പട്രോളിങ്ങിലോ റിപ്പോർട്ട് ചെയ്യുന്നതോടെ ആപ്പ് വഴി റോഡ് ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനമാണിത്.
കാഴ്ച പരിമിതർക്കും ഉപയോഗിക്കാം
ദുബൈ: പൊലീസ് ആപ്പ് കാഴ്ച പരിമിതർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. പുതിയ അപ്ഡേഷനനുസരിച്ച് ഇത്തരക്കാർക്കും സഹായം അഭ്യർഥിക്കാനും പരാതികളും നിർദേശങ്ങളും സമർപ്പിക്കാനും കഴിയുന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാഴ്ചയില്ലാത്തവരെ പ്രത്യേകം തിരിച്ചറിയുന്ന സംവിധാനവും നിർമിത ബുദ്ധി പോലുള്ള സംവിധാനങ്ങൾ വഴിയാണ് പ്രവർത്തിക്കുക. ഇത്തരക്കാരുടെ പരാതികൾ പ്രാധാന്യത്തോടെ പരിഗണിക്കുന്ന സംവിധാനമാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തര സഹായം ആവശ്യമുള്ള കാര്യങ്ങളിൽ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

