100 കോടി പേർക്ക് അഗ്നിരക്ഷാ പരിശീലനം; രജിസ്ട്രേഷൻ തുടങ്ങി
text_fieldsദുബൈ: ലോകത്താകമാനം 100 കോടി പേർക്ക് അഗ്നിരക്ഷാ പരിശീലനം നൽകുന്ന ‘വൺ ബില്യൺ റെഡിനസ്’ പദ്ധതിയിൽ രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് 10 ലക്ഷം ദിർഹം വരെയും നിസാൻ പട്രോൾ കാറും സമ്മാനും നേടാൻ അവസരമുണ്ട്. ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. 2025 മുതൽ 2027 വരെയാണ് സംരംഭം നടപ്പിലാക്കുന്നത്. 100കോടി പേർക്ക് അഗ്നി പ്രതിരോധ നടപടികൾ പരിശീലിപ്പിക്കാനും ബോധവത്കരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
സംരംഭത്തിന്റെ ഭാഗമായി മൂന്ന് സമഗ്രമായ കോഴ്സുകളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഫയർ റെസ്പോൺസ് നടപടിക്രമങ്ങൾ, അഗ്നിബാധക്കിടെയുള്ള ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയാണത്. ഓരോ കോഴ്സിലും വ്യത്യസ്ത വoഡിയോകളും ചോദ്യങ്ങളുമുണ്ടാകും.
ഇതിലൂടെ കോഴ്സ് പൂർത്തിയാക്കിയാൽ, പങ്കെടുക്കുന്നവർക്ക് ഗ്ലോബൽ വൈൽഡ്ഫയർ മോണിറ്ററിങ് സെൻററും ദുബൈ സിവിൽ ഡിഫൻസ് റെഡിനസ് പ്രോഗ്രാമും സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് ലഭിക്കും.സംരംഭത്തിന്റെ പ്രധാന ഘടകമായ ‘ഹോപ്പ് കോൺവോയ്സ് പദ്ധതി’യിൽ വികസ്വര രാജ്യങ്ങൾക്ക് അത്യാവശ്യ ഉപകരണങ്ങൾ വിതരണം ചെയ്യുകയും അഗ്നിശമന സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യുമെന്നും ശൈഖ് മൻസൂർ വ്യക്തമാക്കിയിരുന്നു.
ലോകത്താകമാനം വ്യത്യസ്ത ഭാഷകളിൽ ലഭ്യമാകുന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് പരിശീലനം നൽകുന്നത്. വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സ്കൂളുകൾ എന്നിവയിലൂടെ കാമ്പയിൻ സന്ദേശം വ്യത്യസ്തരായ പ്രേക്ഷകരിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ലോസ് ആഞജൽസ് തീപിടിത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന രീതികളെ കുറിച്ച് പ്രാഥമിക ബോധവത്കരണം ലക്ഷ്യമാക്കി പദ്ധതി രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

