വൺ ബില്യൺ മീൽസ്; പങ്കാളികളായി ഒയാസിസ് ഇന്‍റർനാഷനൽ സ്കൂൾ
text_fieldsഅൽഐൻ ഒയാസിസ് ഇന്‍റർനാഷനൽ സ്കൂളിലെ കുട്ടികൾ വൺ ബില്യൺ മീൽസിലേക്ക് സംഭാവന നൽകുന്നു
അൽഐൻ: റമദാനിൽ നൂറ് കോടി ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യവുമായി യു.എ.ഇ നടപ്പാക്കിയ വൺ ബില്യൺ മീൽസിൽ പങ്കാളിയായി അൽഐൻ ഒയാസിസ് ഇന്‍റർനാഷനൽ സ്കൂളും. കാമ്പയിന്‍റെ ഭാഗമായി സ്കൂൾ ലക്ഷ്യമായി കണ്ട 10,000 ദിർഹം റമദാനിലെ അവസാനത്തിലെ ഒരാഴ്ചകൊണ്ടാണ് വിദ്യാർഥികൾ ശേഖരിച്ചത്.
വൺ ബില്യൺ മീൽസിലേക്കുള്ള ആദ്യവിഹിതം നൽകി സ്കൂൾ അഡ്മിൻ മാനേജർ മിഥുൻ സിദ്ധാർഥ് ധനസമാഹരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ആവേശത്തോടെയാണ് ഈ കാമ്പയിന്‍റെ ഭാഗഭാക്കായത്.
വിദ്യാർഥികൾ പലരും സംഭാവന ചെയ്യാനായി അവരുടെ പണക്കുടുക്കകൾ പൊട്ടിച്ചു. കാലങ്ങളായുള്ള അവരുടെ സമ്പാദ്യം 25 ഫിൽസുകൾ മുതൽ ദിർഹമിന്‍റെ നോട്ടുകൾ വരെയായി അവർ അധ്യാപകരെ ഏൽപിച്ചു. സ്കൂളിൽ വിവിധയിടങ്ങളിൽ ചാരിറ്റി ഡ്രൈവിന്‍റെ ഫണ്ട് സ്വരൂപണത്തിനായി ബോക്സുകളും സ്ഥാപിച്ചിരുന്നു.
10,350 ദിർഹമാണ് ആകെ സമാഹരിച്ചത്. സഹകരിച്ച മുഴുവൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. കൂടുതൽ സംഭാവന സ്വരൂപിച്ച ക്ലാസായ കെ.ജി വൺ ഗ്രീനിനും കൂടുതൽ തുക നൽകിയ വിദ്യാർഥിക്കുമുള്ള അവാർഡ് പ്രിൻസിപ്പൽ സി.കെ.എ. മനാഫും അക്കാദമി കോഓഡിനേറ്റർ സ്മിത വിമലും ചേർന്ന് നൽകി.