വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്; ഇൻഫ്ലുവൻസർമാരുടെ ആഗോള ഉച്ചകോടിക്ക് തുടക്കം
text_fields‘വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റി’നിടെ ലോകചാമ്പ്യനായ ജാൻ റൂസ് 224 മീറ്റർ ഉയരത്തിൽ എമിറേറ്റ്സ് ടവേഴ്സിനെ ബന്ധിപ്പിച്ച 100 മീറ്റർ ലൈനിലൂടെ നടക്കുന്ന ദൃശ്യം
ദുബൈ: സമൂഹ മാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നവരുടെ ആഗോള സംഗമമായ ‘വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റി’ന് ദുബൈയിൽ തുടക്കം. മൂന്നു ദിവസം നീളുന്ന സമ്മിറ്റ് ഉള്ളടക്ക സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനായി രൂപപ്പെടുത്തിയ ലോകത്തെ ഏറ്റവും വലുതും ആദ്യത്തെയും സംരംഭമാണ്.
സമ്മിറ്റിന് എത്തിച്ചേർന്ന പ്രതിനിധികളെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിലെ പോസ്റ്റിലൂടെ സ്വാഗതം ചെയ്തു. മികവുറ്റ ഉള്ളടക്കത്തിലൂടെ നല്ല മാറ്റത്തിന് പ്രചോദനം നൽകുന്ന സർഗാത്മക മനസ്സുകളെ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം കുറിച്ചു. 2.3 ബില്യൺ ഫോളോവേഴ്സുള്ള 15,000 ഉള്ളടക്ക സ്രഷ്ടാക്കളാണ് സമ്മിറ്റിന് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ ഗവൺമെൻറ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ആഗോള സ്ഥാപനങ്ങളിൽ നിന്നുള്ള 125ലധികം പ്രമുഖ സി.ഇ.ഒമാർ പങ്കെടുക്കുന്നുണ്ട്. ദുബൈയിലെ എമിറേറ്റ്സ് ടവേഴ്സ്, ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ എന്നിവിടങ്ങളിലാണ് സമ്മിറ്റ് വേദിയാകുന്നത്. ‘നന്മയ്ക്കുള്ള ഉള്ളടക്കം’ എന്നതാണ് ഇത്തവണത്തെ പരിപാടിയുടെ പ്രമേയം.
പാനൽ ചർച്ചകൾ, സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ, റൗണ്ട് ടേബ്ൾ ചർച്ചകൾ എന്നിവ ഉച്ചകോടിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റർമാരും ഇവയിൽ പങ്കുകൊള്ളും. ബിസിനസ്, സമ്പദ്വ്യവസ്ഥ, നിക്ഷേപം, ഉള്ളടക്കം സൃഷ്ടിക്കൽ എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളാണ് സെഷനുകളിൽ ചർച്ചയാകുന്നത്. ‘വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടി’യിൽ ഇത്തവണ അമേരിക്കൻ ശതകോടീശ്വരനും ‘എക്സ്’ ഉടമയുമായ ഇലോൺ മസ്കിന്റെ മാതാവ് മെയ് മസ്കും പങ്കെടുക്കുന്നുണ്ട്. 76 വയസ്സുള്ള മോഡൽ കൂടിയായ ഇവർ നിരവധി പ്രമുഖ ബ്രാൻഡുകളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

