കെങ്കേമം ഓണമാമാങ്കം
text_fieldsദുബൈ: യു.എ.ഇയിലെ പ്രവാസി സമൂഹം ഇത്തവണത്തെ ഓണവും ഓണ മാമാങ്കത്തിലൂടെ കെങ്കേമമായി ആഘോഷിച്ചു. റെക്കോർഡ് ജനക്കൂട്ടമാണ് ടിക്കറ്റെടുത്ത് മെഗാ ഇവന്റിനായി ഷാർജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങ് ആണ് യു.എ.ഇയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് ചുങ്കാൻ പിടിച്ചത്. 10,000 പേരാണ് മൂന്ന് തരം മധുരമൂറും പായസങ്ങളുൾപ്പെടെ 27 കൂട്ടം വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റ് ഒരുക്കിയ മെഗാ ഓണ സദ്യ ആസ്വദിച്ചത്.
മലയാളികളുടെ പ്രിയ നടൻ ടൊവീനോക്കൊപ്പം ഡാബ്സിയും, വിധു പ്രതാപും, ജോസ്നയും, ജാസി ഗിഫ്റ്റുമടങ്ങുന്ന വൻ താര നിര തന്നെ സദ്യ ആസ്വദിക്കാനുണ്ടായിരുന്നു. അർധരാത്രി വരെ നീണ്ട, യു.എ.ഇ ഇതുവരെ കാണാത്ത ആവേശം നിറഞ്ഞ ലൈവ് മ്യൂസിക്ക് ഷോയാണ് ഡാബ്സി കാഴ്ച്ചവെച്ചത്. കൂടാതെ മിമിക്രി താരം സിദ്ധിഖ് റോഷനും ആഘോഷമേളത്തെ സംഗീത താളത്തിൽ ചേർത്തുനിർത്താൻ ഡിജെ ജാസിയുമുണ്ടായിരുന്നു. ഇത്തവണയും ഓണ മാമാങ്കം ഇവന്റിനെ വൻ വിജയമാക്കി മാറ്റിയ പ്രവാസികൾക്കും, ഇവന്റ് സ്പോൺസർമാർക്കും, പിന്തുണച്ച മീഡിയകൾക്കുമെല്ലാം നന്ദി അറിയിക്കുന്നതായി ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള പറഞ്ഞു.

