പൊന്നോണക്കാഴ്ച ഒരുക്കങ്ങൾ തുടരുന്നു
text_fieldsഅക്കാഫ് പൊന്നോണക്കാഴ്ചയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി നടന്ന കൺവെൻഷൻ
ദുബൈ: അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ചയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സെപ്റ്റംബർ 15ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽവെച്ചാണ് പരിപാടി. ഇത്തവണയും ഏറെ വ്യത്യസ്തമായ പരിപാടികളോടെയാണ് ഓണാഘോഷം.
അക്കാഫിന്റെ 26ാം വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മാതൃവന്ദനം എന്ന പേരിൽ കേരളത്തിൽ നിന്ന് 26 അമ്മമാരെ യു.എ.ഇയിലെത്തിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. ദുബൈ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരെയാണ് ഓണാഘോഷത്തിനായി പ്രവാസ ലോകത്തേക്ക് കൊണ്ടുവരുന്നത്.
സെപ്റ്റംബർ എട്ടിനാണ് പൊന്നോണക്കാഴ്ചയുടെ പ്രാഥമിക മത്സരങ്ങൾ. ഖിസൈസിലെ ഇന്ത്യൻ അക്കാദമി സ്കൂളിൽ ഉച്ചക്ക് രണ്ട് മുതൽ നാടൻപാട്ട് മത്സരവും മലയാളി മങ്ക, പുരുഷകേസരി എന്നിവയിലെ പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും. സെപ്റ്റംബർ 15ന് രാവിലെ എട്ട് മുതൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഓണാഘോഷം ആരംഭിക്കും.
വിവിധ കോളജ് അലുമ്നികൾ മാറ്റുരക്കുന്ന പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, പായസം കോമ്പിറ്റീഷൻ, മലയാളി മങ്ക, പുരുഷകേസരി, കോളജുകളുടെ സാംസ്കാരിക ഘോഷയാത്ര മത്സരം, കുട്ടികൾക്കായി പെയിന്റിങ് ചിത്രരചനാ മത്സരം എന്നിങ്ങനെയാണ് മത്സര ഇനങ്ങൾ. രാവിലെ 11 മണിയോടുകൂടി ഓണസദ്യ ആരംഭിക്കും, ഏകദേശം പതിനായിരം പേരെയാണ് ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്.
ഒരുക്കങ്ങൾ വിലയിരുത്താനായി നടന്ന കൺവെൻഷനിൽ വിവിധ കമ്മിറ്റി കൺവീനർമാർ, കോഓഡിനേറ്റർമാർ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ശങ്കർ നാരായണൻ, നിഷ്ക ജ്വല്ലറി പ്രതിനിധി സമീർ, മീഡിയ വൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സവാബ് അലി, ഡയറക്ടർ ബോർഡ് മെംബർമാരായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, ജോയന്റ് ജനറൽ കൺവീനർമാരായ എ.വി. ചന്ദ്രൻ, ഡോ. ജയശ്രീ, ഫെബിൻ, സഞ്ജുകൃഷ്ണൻ, മൻസൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.എസ്. ദീപു സ്വാഗതവും ട്രഷറർ മുഹമ്മദ് നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

