ഓണം പരാജയപ്പെട്ടവന്റെ പക്ഷം ചേർന്ന ആഘോഷം -മന്ത്രി പി. പ്രസാദ്
text_fieldsഅജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ ‘ചിറ്റാറോണം -2025’ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്
ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ ‘ചിറ്റാറോണം-2025’ ഞായറാഴ്ച അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വർണാഭമായ പരിപാടികളോടെ നടന്നു. സാംസ്കാരിക സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഓണം പരാജയപ്പെട്ടവന്റെ ആഘോഷമാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തും വിജയിക്കുന്നവന്റെ ആഘോഷമാണ് നടക്കുന്നത്. പരാജയപ്പെട്ടയാളുടെ പേരിൽ ഒരു ആഘോഷം ലോകത്ത് നടക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്. പരാജിതരെ ചേർത്തുനിർത്തി നടത്തുന്ന ഓണം നന്മയുടെ ആഘോഷം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് നോബിൾ കരോട്ടുപാറ അധ്യക്ഷതവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്, ട്രഷറർ ഷാജി ജോൺ, ഡോ. മനു കുളത്തുങ്കൽ, നൗഷാദ് ഹനീഫ, സിമി ലിജു, നസീർ കൂത്താടിപറമ്പിൽ, അനു സോജു, അജിന ഷാദിൽ, ജിബി ബേബി എന്നിവർ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടുകൂടിയ വർണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു. അത്തപ്പൂക്കളം, തിരുവാതിര, ഓണ വിളംബരം, ഗാനമേള, ഡി.ജെ മ്യൂസിക് ഷോ, കളരിപ്പയറ്റ്, ഫിഗർ ഷോ, വടംവലി മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു. പ്രവാസി ഐ.ഡി കാർഡ്, പെൻഷൻ സ്കീം എന്നിവയിൽ ചേരുന്നതിന് നോർക്ക റൂട്ട്സുമായി ചേർന്ന് പ്രത്യേക സൗകര്യം ക്രമീകരിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള 600 പേർ ഓണാഘോഷത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

