ഒമിക്രോൺ: ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsദുബൈ: യു.എ.ഇയിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിനേഷൻ പ്രധാന്യം ഓർമപ്പെടുത്തി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. വാക്സിനേഷൻ പൂർത്തിയാക്കി ആറു മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് രോഗപ്രതിരോധ ശേഷി നിലനിർത്താനും രോഗം ഗുരുതര സാഹചര്യത്തിലേക്ക് മാറാതിരിക്കാനും അനിവാര്യമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് വകഭേദം, അതിവേഗം വ്യാപന സാധ്യതയുള്ളതാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർദേശം വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ യുവതി രണ്ട് ഡോസു സ്വീകരിച്ചിരുെന്നന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വളരെ വേഗത്തിൽ വ്യാപന സാധ്യത മുന്നിൽ കണ്ട് സുരക്ഷ മുൻകരുതൽ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു. മാസ്ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക, സാമൂഹികഅകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല. പുതിയ സാഹചര്യത്തെ സർക്കാർ വൃത്തങ്ങൾ ശരിയായ രീതിയിൽ നിരീക്ഷിക്കുന്നുണ്ട്. അതനുസരിച്ച് പൊതുജനങ്ങളും താമസക്കാരും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പ്രഖ്യാപിക്കും -അവർ കൂട്ടിച്ചേർത്തു.
വാക്സിനേഷൻ പൂർത്തീകരിച്ച് ആറുമാസം പിന്നിട്ട എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ദുബൈയിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫൈസർ, ആസ്ട്രസെനിക, സ്പുട്നിക് എന്നീ വാക്സിനുകൾ എടുത്തവർക്കാണ് മൂന്നാമത്തെ ഡോസ് നൽകുന്നത്. പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ ബൂസ്റ്റർ നൽകിയിരുന്നത് മുതിർന്ന പൗരന്മാർ, രോഗികൾ, ആദ്യഘട്ടത്തിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർ എന്നിവർക്കായിരുന്നു. നിലവിൽ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർക്കും വാക്സിൻ നൽകാനാണ് ആരംഭിച്ചിരിക്കുന്നത്. എല്ലാവർക്കും ഫൈസർ വാക്സിനാണ് ബൂസ്റ്ററായി നൽകുന്നത്. നേരത്തേ ആസ്ട്രസെനിക സ്വീകരിച്ചവർക്ക് ഫൈസർ ബൂസ്റ്ററായി നൽകിയിരുന്നില്ല. നിലവിൽ യു.എ.ഇയിൽ വാക്സിനെടുക്കാൻ യോഗ്യരായവരിൽ 100 ശതമാനം ആളുകളും ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനത്തിലേറെ പേർ രണ്ട് ഡോസും പൂർത്തിയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാജ്യത്ത് 64 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 83പേർ രോഗമുക്തി കൈവരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

