ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല; പരിഹസിച്ച് പ്രവാസ ലോകം
text_fieldsഉദ്ഘാടനത്തിന് പിന്നാലെ എടപ്പാൾ പാലത്തിലൂടെ നടന്നു പോകുന്ന ജനക്കൂട്ടം
ദുബൈ: നാട്ടിലെത്തുന്ന പ്രവാസികൾ ഏഴ് ദിവസവം ക്വാറന്‍റീനിൽ കഴിയണമെന്ന നിർദേശം വന്നതിന് തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്ഘാടനത്തിന് ആയിരങ്ങൾ തടിച്ചു കൂടിയതിനെ പരിഹസിച്ച് പ്രവാസലോകം. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രവാസികളെ ഉപദേശിച്ച് 24 മണിക്കൂർ തികയുന്നതിന് മുൻപ് സംസ്ഥാന സർക്കാറിന്‍റെ തന്നെ മേൽനോട്ടത്തിൽ നടത്തിയ പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി ജനം തടിച്ചുകൂടിയതാണ് പ്രവാസികളെ പ്രകോപിപ്പിച്ചത്.
എടപ്പാൾ പാലം ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല എന്ന പരിഹാസമുൾപെടെ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. പാലം ഉദ്ഘാടനത്തിന്റെ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ച മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പോസ്റ്റുകൾക്ക് താഴെയും പ്രവാസികൾ വിമർശനവുമായെത്തി. മാതൃക കാണിക്കേണ്ട സർക്കാർ തന്നെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെയും പ്രവാസികൾ ചോദ്യം ചെയ്യുന്നു.
ഗൾഫിലെ കൊറോണ മാത്രമെ പടരൂ, എടപ്പാളിലെ കൊറോണ പടരില്ല എന്നാണ് ചിലരുടെ പോസ്റ്റ്. തിരക്കിൽപെട്ട് കൊറോണ എടപ്പാൾ പാലം വഴി ഓടി എന്നും ചിലർ പോസ്റ്റ് ചെയ്തിരിക്കുന്നു. ക്വാറന്‍റീൻ പ്രവാസികൾക്ക് മാത്രമോ എന്ന തലക്കെട്ടിൽ ഗ്രൂപ്പുകളിൽ ചർച്ചയും നടക്കുന്നുണ്ട്. കൊറോണ പരത്തുന്ന പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്ന ചിത്രം എന്ന പേരിലാണ് ചിലർ എടപ്പാളിൽ തടിച്ചുകൂടിയ ജനത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനം ആർത്തിരമ്പി എന്ന തലക്കെട്ടിൽ മുൻ മന്ത്രി കെ.ടി. ജലീൽ പോസ്റ്റ് ചെയ്ത ജനക്കൂട്ടത്തിന്‍റെ ചിത്രത്തിന് താഴെയും പ്രവാസികൾ പ്രതിഷേധം അറിയിക്കുന്നു.
നാട്ടിലെ മറ്റ് പാർട്ടികളുടെയും സംഘനകളുടെയും പ്രകടനത്തിനെതിരെ കോവിഡ് നിയമലംഘനത്തിന് കേസെടുത്തതും ട്രോളുകളിൽ നിറയുന്നുണ്ട്. ബൂസ്റ്റർ ഡോസും കോവിഡ് പരിശോധനയും കഴിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസം ക്വാറന്‍റീൻ നിർബന്ധമാണെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശത്തിനെതിരെ കഴിഞ്ഞ ദിവസം മുതൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ എടപ്പാളിൽ നടന്ന ഉദ്ഘാടന മഹാമഹത്തിൽ മന്ത്രിമാരും എം.എൽ.എമാരും അടക്കം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒത്തുചേർന്നത്.