സുഹാർ-അബൂദബി റെയിൽപാത ഉൾപ്പെടെ ഒമാനും-യു.എ.ഇയും 16 കരാറുകളിൽ ഒപ്പുവെച്ചു
text_fieldsഅൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: സുഹാർ-അബൂദബി യെിൽവേ യാഥാർഥ്യമാക്കുന്നതുൾപ്പെടെ ഇരു രാജ്യങ്ങളുടെയും വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിൽ ഒമാനും യു.എ.ഇയും ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി അൽ ആലം പാലസിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്. ഊർജം, ഗതാഗതം, വാർത്താവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്ര ഗതാഗതം, വ്യവസായ മേഖലകളിലെ സഹകരണം, നിക്ഷേപം, സാംസ്കാരിക, യുവജന മേഖല, കാർഷിക, കന്നുകാലി, മത്സ്യബന്ധന സമ്പത്ത്, ഭക്ഷ്യസുരക്ഷ, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, തൊഴിൽപരിശീലനം, വാർത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവര കൈമാറ്റം തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും എത്തിയിരിക്കുന്നത്. ഇത്തിഹാദ് റെയിലുമായും ഒമാനി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗ്രൂപ്പായ 'ദി ഇന്റലിജൻസ് ഗ്രൂപ്പും' മസ്‌കത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായും ധാരണയിൽ എത്തിയിട്ടുണ്ട്. ദ്വിദിന സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന് അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. റോയൽ എയർപോർട്ടിൽ ഇറങ്ങിയ ശൈഖ് മുഹമ്മദിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അൽ ആലം കൊട്ടാരത്തിൽ ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.
ചൊവ്വാഴ്ച രാത്രി സുൽത്താൻ അൽ ആലം പാലസിൽ ഔദ്യോഗിക വിരുന്നും ഒരുക്കി. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്), റോയൽ ഒമാൻ പൊലീസ് കമാൻഡർമാർ, അറബ് രാജ്യങ്ങളിലെ അംബാസഡർമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറാ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർമാർ തുടങ്ങിയവർ അത്താഴവിരുന്നിൽ പെങ്കടുത്തു.ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. ആദ്യത്തേത് ഫ്രാൻസിലേക്ക് ആയിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ക്ഷണം സ്വീകരിച്ചാണ് ഒമാനിലേക്ക് സന്ദർശനത്തിനായി എത്തിയത്. അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരടക്കം ഉന്നതരുടെ വൻ നിരയായിരുന്നു അനുഗമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

