ഒമാന്‍-യു.എ.ഇ റെയില്‍ ലിങ്ക് ട്രയല്‍ ഓപറേഷന്‍ 2027 അവസാനത്തോടെ
text_fieldsദുബൈ: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ ആദ്യ റെയില്‍വേ പദ്ധതിയുടെ ട്രയല്‍ ഓപറേഷന്‍ 2027ന്‍റെ നാലാം പാദത്തില്‍ ആരംഭിക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള യാത്രാ-ചരക്ക് റെയില്‍ സേവനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം. ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മആവലിയാണ് ചൊവ്വാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. 2027ന്‍റെ അവസാന മൂന്ന് മാസങ്ങളില്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒമാന്‍ റെയില്‍, ഇത്തിഹാദ് റെയില്‍, മുബാലദ ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ‘ഹഫീത് റെയില്‍’ ആണ് 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി വികസിപ്പിക്കുന്നത്. ഒമാന്‍ തുറമുഖ നഗരമായ സോഹാറിനെ, അല്‍ ബുറൈമി, അല്‍ ഐന്‍ എന്നിവ വഴി യു.എ.ഇയുടെ ദേശീയ റെയില്‍ ശൃംഖലയുമായി ഈ പാത ബന്ധിപ്പിക്കും.
യാത്രക്കാരെയും ചരക്കുകളും ഒരുപോലെ കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ശൃംഖല. തുറമുഖങ്ങള്‍, വ്യാവസായിക മേഖലകള്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍ എന്നിവയെ ബന്ധിപ്പിച്ച് ഒമാനും യു.എ.ഇക്കുമിടയില്‍ വ്യാപാരവും യാത്രാസൗകര്യവും വർധിപ്പിക്കുന്ന പുതിയ ഇടനാഴിയായി ഇത് മാറും. സോഹാര്‍, അല്‍ ബുറൈമി, വാദി അല്‍ ജിസ്സി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതി ഇതിനകം 40 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മലനിരകള്‍, നഗരങ്ങള്‍, വ്യാവസായിക മേഖലകള്‍ എന്നിവയിലൂടെ കടന്നുപോകുന്ന പാതയില്‍ ഏകദേശം 2.5 കിലോമീറ്റര്‍ തുരങ്കങ്ങളും ഡസന്‍ കണക്കിന് പാലങ്ങളും വയഡക്ടുകളും അണ്ടര്‍പാസുകളും ഉള്‍പ്പെടുന്നു.
സര്‍വീസുകള്‍ ആരംഭിച്ചാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും. ഇത് സോഹാര്‍, അല്‍ ഐന്‍, അബൂദബി എന്നിവക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറക്കും. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ റോഡ് യാത്രക്ക് മികച്ച ബദലാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

