യു.എ.ഇ ദേശീയദിനം വർണാഭമാക്കി ഒമാൻ പൊലീസ്
text_fieldsഅൽ വജാജ അതിർത്തിയിൽ നടന്ന യു.എ.ഇ ദേശീയദിനാഘോഷച്ചടങ്ങിൽനിന്ന്
ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനം ഒമാൻ റോയൽ പൊലീസ് അതിവിപുലമായി ആഘോഷിച്ചപ്പോൾ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രഖ്യാപനമായി മാറി. ഡിസംബർ രണ്ടിന് നടന്ന ആഘോഷപരിപാടികളിൽ ദുബൈ ജി.ഡി.ആർ.എഫ്.എയുടെ ഉന്നത ഉദ്യോഗസ്ഥർ അതിഥികളായി പങ്കെടുത്തു. ജനറൽ ഡയറക്ടറേറ്റിലെ ഫോറിനേഴ്സ് ഫോളോ-അപ് അസി. ഡയറക്ടർ മേജർ ജനറൽ ഡോ. അലി ബിൻ അജെഫ് അൽ സാബിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് അതിർത്തിയിലെത്തിയത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് കമാൻഡർ ബ്രിഗേഡിയർ അബ്ദുല്ല അൽ ഫാർസിയുടെ നേതൃത്വത്തിൽ ഒമാൻ റോയൽ പൊലീസ് സംഘത്തെ ഊഷ്മളമായി സ്വീകരിച്ചു. ഒമാൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് യു.എ.ഇ പ്രതിനിധികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് ഇരു രാജ്യങ്ങളുടെയും പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന നാടൻ കലാരൂപങ്ങളുടെ അവതരണമായിരുന്നു. ഒമാനിന്റെയും യു.എ.ഇയുടെയും പൗരാണിക ചരിത്രത്തെയും ഗോത്ര പാരമ്പര്യങ്ങളെയും അനുസ്മരിപ്പിക്കുന്ന സംഗീതവും നൃത്തച്ചുവടുകളും ചടങ്ങിന് മിഴിവേകി. അതിർത്തി കടന്നെത്തിയ യാത്രക്കാർക്കും സന്ദർശകർക്കും ഈ കലാവിരുന്ന് കൗതുകകരവും ഹൃദയസ്പർശിയുമായ അനുഭവമായി മാറി. യു.എ.ഇ ദേശീയ പതാകയുടെ വർണങ്ങളാൽ അലങ്കരിച്ച അതിർത്തിയിൽ, യാത്രക്കാർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആശംസകൾ കൈമാറിയും ഉദ്യോഗസ്ഥർ സന്തോഷം പങ്കിട്ടു.ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള സാഹോദര്യത്തെ പ്രശംസിച്ചുകൊണ്ട് ഉദ്യോഗസ്ഥർ സംസാരിച്ചു.
ദേശീയ ദിനങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ട്, അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം എത്രത്തോളം ഊഷ്മളമായിരിക്കണം എന്ന് അടയാളപ്പെടുത്തുകയായിരുന്നു അൽ വജാജയിലെ ഈ ഒത്തുചേരൽ. ഒമാൻ ദേശീയ ദിന ആഘോഷവും ദുബൈ അധികാരികൾ ഹത്ത ബോർഡറിൽ ഇത്തരത്തിൽ കഴിഞ്ഞ മാസം ആഘോഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

