സന്തോഷ ഉല്‍സവത്തിന് പവിഴ ദ്വീപ് ഒരുങ്ങി
text_fieldsറാസല്‍ഖൈമ: നാല് ദിവസങ്ങളിലായി നടക്കുന്ന സന്തോഷ ഉല്‍സവം പ്രൗഢമാക്കാന്‍ റാസല്‍ഖൈമയിലെ പവിഴ ദ്വീപില്‍ ഒരുക്കങ്ങളായതായി റാക് ടൂറിസം ഡെവലപ്പ്മെൻറ് അതോറിറ്റി (റാക് ടി.ഡി.എ) സി.ഇ.ഒ ഹൈത്തം മത്താര്‍ അറിയിച്ചു. നാളെ മുതല്‍ 17 വരെയാണ് മനുഷ്യ നിര്‍മിത ദ്വീപായ അല്‍ മര്‍ജാന്‍ ഐലൻറില്‍ വര്‍ണശബളമായ ആഘോഷ പരിപാടികള്‍ നടക്കുന്നത്. 14ന് വൈകുന്നേരം അഞ്ചിനാണ് സന്തോഷ ഉല്‍സവത്തിന് തിരശ്ശീല ഉയരുക. 11 വരെ തുടരുന്ന വിവിധ കലാ വിരുന്നുകള്‍ക്കൊപ്പം 8.30ന് വര്‍ണാഭമായ കരിമരുന്ന് പ്രയോഗവും നടക്കും. 15ന് വൈകുന്നേരം അഞ്ചിനും 16ന് വൈകുന്നേരം മൂന്നിനും തുടങ്ങുന്ന ആഘോഷ പരിപാടികള്‍ അര്‍ധ രാത്രി വരെ തുടരും. രണ്ട് ദിവസവും 9.30ന് കരിമരുന്ന് പ്രയോഗം നടക്കും. സന്തോഷ ഉല്‍സവത്തിന് സാമപ്തി കുറിക്കുന്ന 17ന് വൈകുന്നേരം മൂന്ന് മുതല്‍ 11 വരെയാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുക.
12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി സന്തോഷ ഉല്‍സവത്തില്‍ പങ്കാളികളാകാം. മുതിര്‍ന്നവര്‍ക്ക് 10 ദിര്‍ഹമാണ് പ്രവേശന ഫീസ്.
കുട്ടികള്‍ക്കായുള്ള കളി വിനോദങ്ങള്‍, പ്രശസ്ത ഗായകരുടെ സംഗീത വിരുന്ന്, പരമ്പരാഗത കലാ പ്രകടനങ്ങള്‍, ഫുഡ് ട്രക്കുകള്‍, കരിമരുന്ന് പ്രയോഗം തുടങ്ങിയവയെല്ലാം സന്ദര്‍ശകരുടെ മനം നിറക്കുമെന്ന് സംഘാടകരായ റാക് ടി.ഡി.എ വൃത്തങ്ങള്‍ പറഞ്ഞു.
റാസല്‍ഖൈമ 2018ല്‍ ദശലക്ഷം സന്ദര്‍ശകര്‍ക്ക് ആതിഥ്യമരുളുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷ രാവില്‍ പവിഴ ദ്വീപില്‍ ഒരുക്കിയ ഗിന്നസ് റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗം ആസ്വദിക്കാന്‍ ആയിരങ്ങളാണെത്തിയത്. സന്തോഷ ഉല്‍സവ ദിനങ്ങളിലും സമാനമായ ജനത്തിരക്ക് മുന്നില്‍ കണ്ടുള്ള സംവിധാനങ്ങളാണ് റാസല്‍ഖൈമയില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമെ നുറുകണക്കിന് വാഹനങ്ങൾ ഉള്‍ക്കൊള്ളുന്ന വിശാല പാര്‍ക്കിംഗ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ ആഘോഷത്തിന് പൊലീസ് സേനയുടെ പ്രത്യേക പട്രോളിങ് വിഭാഗം ആഘോഷ ദിനങ്ങളില്‍ സേവന നിരതരായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
