തട്ടിപ്പുകാര്‍ ഇന്ബോക്സിലും; ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 25,000 ദിര്‍ഹം ‘കനത്ത നഷ്ടം’
text_fieldsഅബൂദബി: സമൂഹമാധ്യമങ്ങളിലൂടെ വ്യത്യസ്തങ്ങളായ രീതിയില്‍ ഇരകളെ കുടുക്കി പണം തട്ടുന്ന സൈബര്‍ കുറ്റവാളികള്‍. ഏറ്റവും അവസാനമായി വലവിരിച്ചിരിക്കുന്നത് ഫേസ്ബുക്ക് മെസഞ്ചറില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൂറുകണക്കിനു പ്രവാസികള്‍ക്കാണ് ‘യു.എ.ഇ ടുഡേ’, ‘യു.എ.ഇ ടുഡേ-3’ തുടങ്ങിയ പേജുകളില്‍നിന്ന് പേഴ്സനല്‍ മെസേജുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ‘ ഞാന്‍ ബിന്‍ റാഷിദിന്റെ ഓഫിസില്‍ നിന്നാണ്. നിങ്ങളെ ബന്ധപ്പെടാന്‍ ഓഫിസ് അറിയിച്ചു. നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 25,000 ദിര്‍ഹമിന് മറ്റൊരു വിജയിയെ തിരഞ്ഞെടുക്കും’. അങ്ങനെ നീളുന്ന മെസേജില്‍ ലിങ്കുകളും നല്‍കിയിട്ടുണ്ട്. മാത്രമല്ല, 25,000 ദിര്‍ഹം നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചുകഴിഞ്ഞു. നമ്പര്‍ രജിസ്റ്റര്‍ ചെയ്യൂ എന്ന മെസേജും ലിങ്കും വരുന്നുണ്ട്.
ഈ ലിങ്കുകളാണ് പലപ്പോഴും ഇരകളുടെ പണം നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കുന്ന ചൂണ്ട. സ്വന്തം മൊബൈലില്‍നിന്നോ കമ്പ്യൂട്ടറുകളില്നിന്നോ ഒക്കെ ലിങ്ക് തുറക്കുന്നവരുടെ സകലവിവരങ്ങളും ഒറ്റയടിക്ക് സൈബര്‍ തട്ടിപ്പുകാരുടെ കൈയില്‍ ലഭിക്കുന്ന സംവിധാനങ്ങള്‍ വരെ ഉണ്ട്. 25,000 ദിര്‍ഹം എന്നൊക്കെ കാണുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ രജിസ്റ്റര്‍ ചെയ്യുന്നവരാണ് പ്രധാനമായും തട്ടിപ്പുകളുടെ മുഖ്യ ഇരകള്‍. സൈബര്‍ തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് നിരന്തരം അധികൃതര്‍ ഓര്മിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ചതിയില്‍പെട്ട് പണം നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്.
ഫോണ്‍ വിളികളിലൂടെ അടക്കം വ്യാപകമായ പണത്തട്ടിപ്പ് നടക്കുന്ന സാഹചര്യത്തില്‍, ബോധവത്കരണ പരിപാടിയുമായി അബൂദബി പൊലീസ് അടുത്തിടെയാണ് രംഗത്തെത്തിയത്. സൈബര്‍ തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ ‘ബി കെയര്‍ഫുള്‍’ എന്ന പേരിലാണ് കാമ്പയിന്. വ്യാജ സന്ദേശങ്ങളോ പണമോ മറ്റ് സമ്മാനങ്ങളോ ഓഫര്‍ ചെയ്ത ഫോണ്‍ വിളികളോ ഇ-മെയിലോ ലഭിച്ചാല്‍ അനുകൂലമായി പ്രതികരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുകയും ചെയ്യുന്നതാണ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നതിന്റെ മുഖ്യകാരണം.
സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പുസംഘം വ്യാപകമായി വലവിരിച്ചുകാത്തിരിക്കുകയാണ്. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയും ഫോണ്‍ കെണിയില്‍ കുടുക്കിയും പണം തട്ടും. സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്ത് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നതും കുറവല്ല. സ്ത്രീകളുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ നല്കി പ്രലോഭിപ്പിച്ചും വലിയ തുകയും സമ്മാനങ്ങളും വാഗ്ദാനംചെയ്തും തട്ടിപ്പുകാര്‍ വലയില്‍ വീഴ്ത്തുന്നുണ്ട്.
ഇവ ശ്രദ്ധിക്കാം
സന്ദേശം വരുന്ന ഉറവിടം സംബന്ധിച്ച് കൃത്യമായ ബോധ്യം ഇല്ലെങ്കില്‍ അവഗണിക്കുന്നതാണ് ഗുണകരം. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സൗഹൃദ അഭ്യർഥനകള്‍ അശ്രദ്ധമായി സ്വീകരിക്കുന്നതും വിനയാകും. വിഡിയോ ക്ലിപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തും പണം നഷ്ടമായവര്‍ നിരവധി ആണ്.
സംശയം തോന്നുന്ന ഫോണ്‍ വിളികളോ ഇ-മെയിലോ വന്നാല്‍ ഉടന്‍ പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 8002626ൽ അറിയിക്കണം. പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വിവരം കൈമാറാം. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളോ ഇ-മെയിലോ തരപ്പെടുത്തുന്ന തട്ടിപ്പുസംഘം ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന സന്ദേശങ്ങളാണ് ആദ്യം അയക്കുക. വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. ബാങ്കുകളുടെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ അധികവും സ്പാം മെസേജുകള്‍ ആയിരിക്കും. പണം കൈമാറിയതുമായി ബന്ധപ്പെട്ടതോ അക്കൗണ്ടില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയോ ഒക്കെ ഉള്‍പ്പെടുത്തിയ സന്ദേശത്തില്‍ ലിങ്കുകളും അറ്റാച്ച് ചെയ്തിട്ടുണ്ടാവും.
ഈ ലിങ്കുകള്‍ തുറന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ലോഗിന്‍ ഐഡിയും പാസ് വേഡും തട്ടിപ്പുസംഘത്തിന് ലഭിക്കും. തുടര്‍ന്ന്, അക്കൗണ്ടിലുള്ള പണം കൈക്കലാക്കുകയാണ് രീതി. ബാങ്കുകളുടേതെന്ന രീതിയില്‍ വരുന്ന മെയിലുകള്‍ തുറക്കുന്നതിനുമുമ്പ്, ബന്ധപ്പെട്ട ബ്രാഞ്ചുകളെ സമീപിച്ച് ഉറപ്പുവരുത്തുകയെന്നാണ് തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പ്രധാന മാര്‍ഗം. സ്പാം മെസേജുകളില്‍ പലപ്പോഴും വൈറസുകള്‍ ഉള്ളതിനാല്‍ തുറക്കാതിരിക്കലാണ് ഉത്തമം. ബാങ്ക് അധികൃതര്‍ അക്കൗണ്ട് നമ്പറോ പാസ്വേഡോ പിന് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ ഇ-മെയില്‍ വഴി ചോദിക്കില്ല. അത്തരം മെയിലുകള്‍ തുറക്കാതെതന്നെ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

