ഒ.എൽ.എഫ് 2025ന് പ്രൗഢമായ സമാപനം
text_fieldsഓർമ സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പ്രവാസ എഴുത്ത് എന്ന
സെഷനിൽ എഴുത്തുകാരൻ ബെന്യാമിൻ സംസാരിക്കുന്നു
ദുബൈ: സമൂഹത്തോടും സാമൂഹിക മുന്നേറ്റത്തോടുമുള്ള ഓർമ ദുബൈയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഒ.എൽ.എഫിന്റെ വിജയം തെളിയിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. ഓർമ സാഹിത്യോത്സവം (ഒ.എൽ.എഫ്) 2025ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്ത മേഖലകളെയും സംബന്ധിച്ച 20ലേറെ വ്യത്യസ്ത വിഷയങ്ങളാണ് മൂന്നു വേദികളിലായി ചർച്ചയായത്. യു.എ.ഇയിലെ വിവിധ സാഹിത്യ സാംസ്കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 ഓളം സംവാദകരും 1000ത്തോളം സദസ്യരും പങ്കെടുത്തു.
‘പ്രവാസ എഴുത്ത്’ എന്ന സെഷനിൽ ബെന്യാമിൻ മുഖ്യാതിഥിയായിരുന്നു. സാംസ്കാരിക സമ്മേളനം പ്രമുഖ വാഗ്മിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ, യുവ എഴുത്തുകാരി ജിൻഷ ഗംഗ എന്നിവരും പ്രധാന അതിഥികളായി വിവിധ വേദികളിൽ പങ്കെടുത്തു. കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിരുന്ന സാംസ്കാരിക വേദിയിൽ നടന്ന കവിതാലാപനം, ചിത്രരചന എന്നിവയിൽ 200 ഓളം കുട്ടികളും പങ്കെടുത്തു.
സമാപന സമ്മേളന വേദിയിൽ ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരങ്ങൾ ജേതാക്കൾക്ക് പ്രേംകുമാർ സമ്മാനിച്ചു. എൻ.കെ. കുഞ്ഞഹമ്മദ്, ഒ.വി. മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിജിത അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജോയന്റ് ട്രഷറർ ധനേഷ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

