അല്‍ മഹത്തയില്‍ പ്രദര്‍ശനം; രാജ്യത്തെ ആദ്യ വിമാനത്താവളത്തെ കൂടുതലറിയാം
text_fieldsഷാര്‍ജ: ഹസ്സ അല്‍ മന്‍സൂരി ആകാശ നീലിമയില്‍ ഇമറാത്തിെൻറ പതാക നാട്ടി ഭൂമിയിലേക്ക് തി രിച്ചിറങ്ങിയത് ഒക്ടോബര്‍ മൂന്നിനാണ്. ഒക്ടോബര്‍ എന്നത് യു.എ.ഇയുടെ ആകാശ കുതിപ്പില്‍ ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ്. ഗള്‍ഫ് മേഖലയിലെ ആദ്യ വിമാനത്താവളത്തിന് 89 വയസ്സും ആദ്യ വിമാനം ഇറങ്ങിയതിെൻറ 87ാം വാര്‍ഷികവും പൂര്‍ത്തിയാകുന്നത് ഈ മാസം അഞ്ചിനാണ്, അതായത് ഇന്നാണ്. അതിന് മുമ്പു തന്നെ ബഹിരാകാശത്ത് രാജ്യം സുവര്‍ണ സ്ഥാനം രേഖപ്പെടുത്തി കഴിഞ്ഞു.
ചൊവ്വയിലേക്കുള്ള സഞ്ചാരത്തെ കുറിച്ചാണ് രാജ്യം ഇപ്പോള്‍ കനവുകള്‍ നെയ്യുന്നത്. ഒട്ടും വൈകാതെ ചതുര്‍വര്‍ണ പതാക ചൊവ്വയിലും പാറും, ചിലപ്പോള്‍ അതും ഒരു ഒക്ടോബറില്‍ ആയിരിക്കാം. യു.എ.ഇയിലെ ആദ്യ വിമാനത്താവളമായ ഷാര്‍ജ അല്‍ ഖാസിമിയയിലെ അല്‍ മഹത്തയുടെ ചരിത്രങ്ങളിലേക്ക് കൂടുതല്‍ മിഴിവോടെ മിഴിതുറക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്. ഇന്ന് ജനസാന്ദ്രമായ പ്രദേശം അക്കാലത്ത് വിശാലമായ മണല്‍പരപ്പായിരുന്നു. അവിടെ മനുഷ്യരോടൊപ്പം തന്നെ, യാത്രക്ക് ഉപയോഗിച്ചിരുന്ന കഴുതകളും കുതിരകളും ഒട്ടകങ്ങളും ഉലാത്തിയിരുന്നു. വീപ്പയില്‍ വെള്ളവുമായി കഴുതവണ്ടികള് ഈ വഴി വന്നിരുന്നു. സ്ത്രീ-പുരുഷ സമത്വം കച്ചവട മേഖലയില്‍ പ്രകടമായിരുന്നു. സാംസ്കാരിക പരിപാടികള്‍ക്കായി ഒരുങ്ങിയ അരങ്ങുകളിലേക്കും ഈ ഫോട്ടോകള്‍ സന്ദര്‍ശകരെ കൊണ്ടുപോകുന്നു.ഇന്ത്യയിലേക്കുള്ള ഇടത്താവളമായി നിര്‍മിച്ച അല്‍ മഹത്ത വിമാനത്താവളം ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രയോടൊപ്പം തന്നെ തപാല്‍ സംവിധാനത്തെയും വേഗത്തിലാക്കി. 1932 ഒക്ടോബര്‍ അഞ്ചിനാണ് ഹനോ കമ്പനിയുടെ ബ്രിട്ടീഷ് ഇംപീരിയല്‍ വിമാനം 16 യാത്രക്കാരുമായി ഷാര്‍ജയുടെ ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്.
1930കളില്‍, സ്റ്റേഷന് എന്നര്‍ഥമുള്ള അല്‍ മഹത്ത കാലാവസ്ഥാ പ്രവചന കേന്ദ്രമായും ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ വിമാന സര്‍വിസുകളുടെ സ്റ്റേജിങ് പോസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. വിമാനങ്ങള്‍ പറന്നിറങ്ങുന്നതിനു മുമ്പും ശേഷവുമുള്ള കഥകള്‍ ഈ ഫോട്ടോകള്‍ പറയുന്നു. 1977 വരെ ഷാര്‍ജ അന്താരാഷ്്ട്ര വിമാനത്താവളം അല്‍ മഹത്തയായിരുന്നു. ഷാര്‍ജയുടെ സ്വന്തം വിമാനകമ്പനിയായ എയര്‍ അറേബ്യ ജനിക്കുന്നതിന് മുമ്പ് ഗള്‍ഫ് ഏവിയേഷന്‍ എന്ന കമ്പനിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതിെൻറ അസ്സല് വിമാനങ്ങള്‍ മ്യൂസിയത്തിലെ ഹാങ്കറില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആദ്യമായെത്തിയ ഹനോ വിമാനത്തിെൻറ യഥാര്‍ഥ വലുപ്പത്തിലുള്ള മാതൃകയും ഇവിടെയുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന ടെലിഫോണ്‍, കാലാവസ്ഥ രേഖപ്പെടുത്തിയിരുന്ന പുസ്തകം, വിമാനങ്ങളുടെ പോക്കുവരവുകള്‍ എഴുതിവെച്ചിരുന്ന പുസ്തകം, ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, സിഗ്നല്‍ നല്കാന് ഉപയോഗിച്ചിരുന്ന വിളക്കുകള്‍, റേഡിയോ സംവിധാനം, ഇപ്പോഴും പ്രവര്‍ത്തിക്കുന്ന റോള്‍സ് റോയ്സ് കമ്പനിയുടെ വിമാന എന്ജിന് തുടങ്ങിയവയെല്ലാം വളരെ കൃത്യമായ വിവരണങ്ങള്‍ സഹിതമാണ് അല്‍ മഹത്തയില്‍ സൂക്ഷിച്ചിട്ടുള്ളത്.
വിമാനത്താവള മാനേജരുടെ മുറി അതേ രീതിയില്‍നിന്ന് മാറ്റിയിട്ടേയില്ല. തുമ്പിയില്‍നിന്ന് തുടങ്ങുന്ന പറക്കല്‍ ആകാശഗംഗയുടെ വിവിധ മേഖലയിലേക്ക് കുതിക്കുന്ന കാഴ്ചകളുടെ വസന്തവും അക്കമിട്ട് നിരത്തിയിട്ടുണ്ട്. വിമാനത്താവളം നിര്‍മിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി നല്‍കിയത് അന്നത്തെ ഷാര്‍ജ ഭരണാധികാരിയായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയായിരുന്നു. 800 ഇന്ത്യന്‍ രൂപയായിരുന്നു പ്രതിമാസ വാടക. ഓരോ തവണയും വിമാനം വന്നിറങ്ങുന്നതിനും പോകുന്നതിനും അഞ്ച് രൂപയും അധികമായി നിശ്ചയിച്ചിരുന്നു. അല്‍ മഹത്തയില്‍ എത്തിയാല്‍ ഇതെല്ലാം കൂടുതല്‍ മിഴിവുള്ള ഫോട്ടോകളിലൂടെ വ്യക്തമായി മനസ്സിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
