എണ്ണച്ചോർച്ച: ഖോർഫക്കാനിലെ ബീച്ചിൽ നീന്തലിന് നിയന്ത്രണം
text_fieldsഷാർജ: എണ്ണ ചോർച്ചയെത്തുടർന്ന് ഖോർഫക്കാനിലെ പ്രശസ്തമായ ബീച്ചിലെ നീന്തൽ താൽക്കാലികമായി വിലക്കി മുനിസിപ്പാലിറ്റി. സന്ദർശകരുടെ സുരക്ഷ പരിഗണിച്ചാണ് അൽ സുബാറ ബീച്ചിൽ നീന്തൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. കടൽവെള്ളത്തിൽ എണ്ണയുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. നേരത്തേയും ഇത്തരം സന്ദർഭങ്ങളിൽ കടലിലിറങ്ങുന്നത് വിലക്കിയ സാഹചര്യമുണ്ടായിട്ടുണ്ട്. ഈ നീക്കം താൽക്കാലികമാണെന്നും താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ശുദ്ധവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അധികൃതർ പറഞ്ഞു. സന്ദർശകരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും പ്രശ്നം എത്രയുംവേഗം പരിഹരിക്കുന്നതിനും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു.
സമുദ്രം അടക്കമുള്ള പ്രകൃതിവിഭവങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കടൽവെള്ളത്തിൽ എണ്ണമയമുള്ള ഒരു നേർത്ത പാളി രൂപം കൊള്ളുന്നത് കണ്ടെത്തിയാൽ എണ്ണച്ചോർച്ചയാകാൻ സാധ്യതയുണ്ട്. ബീച്ചിലെ മണൽ പ്രദേശങ്ങളിൽ കറുത്ത വരകളും കാണാവുന്നതാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ സന്ദർശകർക്ക് ഉടൻതന്നെ മുനിസിപ്പാലിറ്റിയെയോ നഗരത്തിലെ പരിസ്ഥിതി അധികാരികളെയോ അറിയിക്കാം.എണ്ണച്ചോർച്ച: ഖോർഫക്കാനിലെ ബീച്ചിൽ നീന്തലിന് നിയന്ത്രണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

