വിശാഖപട്ടണം ലുലു മാൾ നിർമാണത്തിന് ഔദ്യോഗിക തുടക്കം
text_fieldsവിശാഖപട്ടണം ലുലു മാളിന്റെ രൂപരേഖ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവർ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് കൈമാറുന്നു, ആന്ധ്ര വ്യവസായ മന്ത്രി ടി.ജി. ഭരത്, ചീഫ് സെക്രട്ടറി വിജയാനന്ദ് എന്നിവർ സമീപം
ദുബൈ: ആന്ധ്രപ്രദേശിൽ ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി. വിശാഖപട്ടണത്ത് ആരംഭിച്ച സി.ഐ.ഐ പാർട്ട്ണർ സമ്മിറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി നടത്തിയത്. വിശാഖപട്ടണം ലുലുമാൾ, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം എന്നിവക്ക് പുറമെ റായലസീമയിൽ ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ് സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് കൈമാറി. ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദ്, വ്യവസായ മന്ത്രി ടി.ജി. ഭരത്, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ സംബന്ധിച്ചു.
ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ മാളുകളിലൊന്നാകും വിശാഖപട്ടണം ലുലുമാൾ. ഇതിന്റെ നിർമാണ പ്രവർത്തനം ഈ ആഴ്ചതന്നെ തുടങ്ങും. മൂന്ന് വർഷത്തിനകം മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് യൂസുഫലി പറഞ്ഞു. 5000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ആന്ധ്രയിലെ കർഷകർക്ക് അടക്കം പിന്തുണ നൽകുന്ന വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിൽനിന്നുള്ള മാംഗോ പൾപ്പ്, പേരക്ക പൾപ്പ്, സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ആദ്യ കയറ്റുമതി 2026 ജനുവരി ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ ആന്ധ്രയിൽനിന്നുള്ള പഴം-പച്ചക്കറി ഉൽപന്നങ്ങൾ ജി.സി.സി, ഈജിപ്ത് എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ റായലസീമയിൽ ലോജിസ്റ്റിക്സ്, എക്സ്പോർട്ട് സെന്ററിന്റെ നിർമാണം ആറ് മാസത്തിനകം തുടങ്ങും. ഇന്ത്യയിലെ ലുലുവിന്റെ ഒമ്പതാമത്തെ മാളാകും വിശാഖപട്ടണത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

