ഒക്ടോബർ മാസത്തെ വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില വർധിച്ചു
text_fieldsദുബൈ: യു.എ.ഇയിൽ 2026 ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബറിൽ എല്ലാത്തരം ഇന്ധനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറോളമായി ഉയർന്നതാണ് യു.എ.ഇയിലും വില വർധിക്കാൻ പ്രധാന കാരണം.
പുതിയ നിരക്കുകൾ അനുസരിച്ച് സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമാണ് വില (സെപ്റ്റംബറിൽ 3.80 ദിർഹം). സ്പെഷൽ 95 പെട്രോളിന് 4.28 ദിർഹവും (സെപ്റ്റംബറിൽ 3.69 ദിർഹം), ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിർഹവും (സെപ്റ്റംബറിൽ 3.61 ദിർഹം) ആണ് പുതുക്കിയ നിരക്ക്. ഡീസൽ വില ലിറ്ററിന് 4.30 ദിർഹത്തിൽ നിന്ന് 4.80 ദിർഹമായി ഉയർന്നു.
ഇന്ധനവില ഉയർന്നതോടെ വാഹനങ്ങളുടെ ഇന്ധന ടാങ്ക് പൂർണമായി നിറക്കുന്നതിന് വാഹനങ്ങളുടെ തരം അനുസരിച്ച് 30.09 ദിർഹം മുതൽ 44.4 ദിർഹം വരെ അധികമായി ചെലവഴിക്കേണ്ടി വരും. 51 ലിറ്റർ ശരാശരി ടാങ്ക് ശേഷിയുള്ള ചെറിയ കാറുകളിൽ സൂപ്പർ 98 നിറക്കാൻ 224.4 ദിർഹവും, സ്പെഷൽ 95ന് 218.28 ദിർഹവും, ഇ-പ്ലസ് 91 ന് 214.71 ദിർഹവും ചെലവാകും.
62 ലിറ്റർ ടാങ്ക് ശേഷിയുള്ള സെഡാൻ കാറുകളിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ സൂപ്പർ 98ന് 272.8 ദിർഹവും, സ്പെഷൽ 95 ന് 265.36 ദിർഹവും, ഇ-പ്ലസ് 91 ന് 261.02 ദിർഹവും വേണം. 74 ലിറ്റർ ടാങ്ക് ശേഷിയുള്ള വലിയ എസ്.യു.വി വാഹനങ്ങൾക്ക് സൂപ്പർ 98 പെട്രോളിന് 325.6 ദിർഹവും, സ്പെഷൽ 95ന് 316.72 ദിർഹവും, ഇ-പ്ലസ് 91ന് 311.54 ദിർഹവുമാണ് ഫുൾ ടാങ്ക് ചെലവ്.
മാസാമാസമുള്ള ഇന്ധനവില വ്യതിയാനങ്ങൾ യു.എ.ഇയിലെ സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് ആഗോള എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളാണ് ഇപ്പോഴത്തെ ഉയർന്ന വിലക്ക് കാരണം. യു.എ.ഇ ഊർജ്ജ മന്ത്രാലയത്തിന്‍റെ അനുമതിയോടെ അന്താരാഷ്ട്ര വിപണിയിലെ ശരാശരി വില കണക്കാക്കിയാണ് ഓരോ മാസവും രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

