നൻമക്കു വേണ്ടി, നമ്മൾക്കു വേണ്ടി അവൻ കലഹിച്ചു
text_fieldsഒരിക്കൽ ബർദുബൈയിലെ ബസ് സ്റ്റാൻറിൽ ഇരിക്കുന്ന വി.എം സതീഷിനെ കണ്ടു ചോദിച്ചു, എന്താണിവിടെ ? അബൂദബിയിൽ നിന്ന് ഒരാൾ വരാനുണ്ട്.
അധികം വൈകാതെ അയാൾ എത്തി. സതീഷ് അയാൾക്ക് അൽപം പണം കൊടുത്തു, ഒരു ചായയും ഷവർമയും വാങ്ങി കൊടുത്തു. അടുത്ത ബസിൽ കയറ്റിവിട്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ അയാളുടെ പേര് ഹംസയാണെന്നും ബാക്കിയൊന്നും അറിയില്ലെന്നുമായിരുന്നു മറുപടി. ജോലിക്കിടെ വീണ് കാലിന് പരിക്ക് പറ്റി ചികിത്സിക്കാൻ പണമില്ലെന്ന് വിളിച്ചു പറഞ്ഞപ്പോൾ വരാൻ പറഞ്ഞതാണെന്ന് പിന്നെ അറിഞ്ഞു. മാധ്യമ പ്രവർത്തനത്തിെൻറ തിരക്കിനിടയിലും സാധാരണക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ സതീഷ് ഇറങ്ങി പുറപ്പെടുമായിരുന്നു.
മീഡിയ ആക്ടിവിസത്തിന് ഗൾഫിലും ഇടമുണ്ടെന്ന് തെളിയിച്ചാണ് സതീഷ് പോയത്. വ്യവസ്ഥിതിയോട് കലഹിച്ചു കൊണ്ടേയിരുന്നു. പല റിപ്പോർട്ടുകളുടെ പേരിലും കോടതി കയറി. സ്വർണക്കടയിലെ ജീവനക്കാർക്ക് മീശ വെക്കുന്നതിന് വിലക്ക് എന്ന വാർത്ത മാത്രം മതി മലയാളം സതീഷിനെ ഓർക്കാൻ. പരാതികൾ പലതും കോടതിയിൽ തള്ളിപ്പോയി. പത്രസമ്മേളനങ്ങൾക്ക് മുമ്പ് ഹോം വർക്ക് ചെയ്ത് ചോദ്യശരങ്ങളുമായാണ് സതീഷ് പത്രസമ്മേളനത്തിൽ എത്താറ്. മുൻ നിരയിൽ സതീഷനെ കാണുമ്പോൾ ചിലർക്കെങ്കിലും മുഖം ചുളിയുമായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ ദുബൈയിലെത്തിയ പിണറായി വിജയൻ സതീഷിെൻറ ചോദ്യങ്ങൾക്ക് മറുപടി മുട്ടിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ വച്ച് പിണറായി, സതീഷിനെ ഭ്രാന്തനെന്ന് വിളിച്ചത് അന്ന് വാർത്തയായിരുന്നു. ഒരിക്കൽ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്ത രണ്ട് വൃക്കയും നഷ്ടപ്പെട്ട ജനാർദ്ദനൻ എന്ന പ്രവാസി മലയാളിയുടെ കഥ സതീഷ് താൻ ജോലി ചെയ്തിരുന്ന പത്രത്തിൽ ഇംഗ്ലീഷിലാക്കി എഴുതി. ഇത് വായിച്ച യു.എ.ഇ സ്ഥാപനം വൃക്ക മാറ്റി വെക്കാനുള്ള പണം നൽകാൻ മുന്നോട്ട് വന്നു. അറബി നൽകിയ പണം കൊണ്ട് വൃക്ക മാറ്റി വെച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹത്തെക്കുറിച്ച് വല്ല വിവരമുണ്ടോ എന്നന്വേഷിച്ചപ്പോൾ അതിലെന്തിരിക്കുന്നു അങ്ങനെ എത്രയെത്ര പേർ, അവർക്കായി എന്തെങ്കിലും ചെയ്യാനായില്ലെങ്കിൽ പിന്നെന്തിന് നമ്മൾ മാധ്യമ പ്രവർത്തകരെന്ന് പറഞ്ഞു നടക്കുന്നു എന്നായിരുന്നു പ്രതികരണം.
അതു വെറും മേനിപറച്ചിലായിരുന്നില്ല. സതീഷിെൻറ തൂലിക കൊണ്ട് ജീവിതം തിരിച്ചു കിട്ടിയവർ നിരവധി. വാണിഭ റാക്കറ്റിൽ കുടുങ്ങിയ പെൺകുട്ടികൾ മുതൽ പാർക്കിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളും ആശുപത്രിയിലെ ബില്ലsക്കാൻ കഴിയാത്ത പ്രവാസികളും എല്ലാം ഇതിൽ പെടും.
സതീഷ് കലഹിച്ചിരുന്നത് മൂല്യച്യുതിയിലകപ്പെട്ട തെൻറ മാധ്യമ വർഗത്തോട് തന്നെയായിരുന്നു. അവർ തന്നെയായിരുന്നു അദ്ദേഹത്തിെൻറ ശത്രുവും മിത്രവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
