നാടിന്റെ വിളിയെത്തും മുൻപേ മരണത്തിന്റെ വിളിയെത്തി
text_fieldsദുബൈ: സ്വന്തം പൗരൻമാരുടെ ജീവന് വിലകൽപ്പിക്കാത്ത അധികാരികളുടെ കാരുണ്യത്തിന് കാക്കാതെ മുഹമ്മദ് കുഞ്ഞിക്ക യാത്രയായി. നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത് കോൺസുലേറ്റിൽ നിന്നുള്ള വിളി കാത്തിരുന്ന കണ്ണൂർ സ്വേദശി മണ്ണന്തകത്ത് മുഹമ്മദ് കുഞ്ഞി (60) യെ തേടി ഇന്നലെ മരണത്തിെൻറ വിളിയെത്തി. ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുൻപ് വന്നത് കോൺസുലേറ്റിൽ നിന്നുള്ള കോൾ ആണെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ അധികൃതരുമായി സംസാരിച്ചോ, എന്തായിരുന്നു സംഭാഷണത്തിന്റെ ഉള്ളടക്കം എന്നിവ വ്യക്തമല്ല.
ഷാർജ ഫ്രീസോണിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. പ്രമേഹ രോഗിയായ ഇദ്ദേഹം ഏറ്റവും പെെട്ടന്ന് നാടണയുവാനായി വിമാന സർവീസ് ആരംഭിക്കുന്നതും കാത്തിരുന്നെങ്കിലും യു.എ.ഇയിൽ നിന്ന് അനർഹരായവരെ ഉൾപ്പെടെ കുത്തിത്തിരുകി പറന്ന ആദ്യ വിമാനങ്ങളിലൊന്നും ഇടം കിട്ടിയില്ല. ഒടുവിൽ 12ന് ദുബൈയിൽ നിന്ന് സ്വന്തം നാടായ കണ്ണൂരിലേക്ക് പോകുന്ന വിമാനത്തിൽ സീറ്റ് ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ. എന്നാൽ കണ്ണൂർ വിമാനത്തിലും സീറ്റ് ലഭിച്ചില്ല എന്നാണ് ലഭിക്കുന്ന സൂചന.
കണ്ണൂർ വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ഇറക്കാൻ അനുമതി ഇല്ലാത്തതിനാൽ ഇദ്ദേഹത്തിെൻറ ചേതനയറ്റ ശരീരം പോലും ഇൗ വിമാനത്തിൽ നാട്ടിലെത്തിക്കാനാവില്ല.
ഫ്രീസോൺ തൊഴിലാളികളെ ബോധവത്കരിക്കുന്നതിനും അവർക്കിടയിൽ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും സജീവമായിരുന്ന കുഞ്ഞി പ്രവാസഭൂമിയിലും നാട്ടിലും നിരവധി ജീവകാരുണ്യ കൂട്ടായ്മകൾക്കും പിന്തുണ നൽകിയിരുന്നു.
കണ്ണൂർ പ്രവാസികളുടെ കൂട്ടായ്മയായ വേക്കിന്റെ ആദ്യ കാല പ്രവർത്തകനുമാണ്.
ഭാര്യ: സക്കീന. മക്കൾ: സബീൽ, ഷജീല, സാജിദ്, ഷാഹിദ്. മരുമക്കൾ: ഷാനിബ, മുഹമ്മദ് റാഷിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
