അതിവേഗ രോഗനിർണയ ഉപകരണം വികസിപ്പിച്ച് ഗവേഷക സംഘം
text_fieldsഅബൂദബി: 10 മിനിറ്റിനുള്ളില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള കടലാസ് അധിഷ്ഠിത രോഗനിര്‍ണയ ഉപകരണം വികസിപ്പിച്ച് ന്യൂയോര്‍ക് യൂനിവേഴ്സിറ്റി അബൂദബിയിലെ ഗവേഷക സംഘം. റേഡിയലി കമ്പാര്ട്ട്മെന്റലൈസ്ഡ് പേപ്പര്‍ ചിപ് (ആർ.സി.പി-ചിപ്) ആണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. ഇത് ചെലവ് കുറഞ്ഞതും എന്നാല്‍ അതിവേഗം രോഗനിര്‍ണയം നടത്തുന്നതിന് സഹായകമാവുന്നതാണ്.
ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ലാബ് ഉപകരണങ്ങളോ പരിശീലനം സിദ്ധിച്ച വ്യക്തികളോ ആവശ്യമില്ലെന്നും ഗവേഷകസംഘം വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ തുടക്കകാലത്താണ് ഇത്തരമൊരു ആശയം ഉദിച്ചതെന്നും തുടര്‍ന്ന് ആർ.സി.പി-ചിപ് വികസിപ്പിക്കുകയായിരുന്നുവെന്നും യൂനിവേഴ്സിറ്റിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ബയോ എന്‍ജിനീയറിങ് അസോ. പ്രഫസറും പഠനസംഘത്തിലെ മുതിര്‍ന്ന ഗവേഷകനുമായ മുഹമ്മദ് എ ഖസൈമി പറഞ്ഞു.
ചിക്കന്‍പോക്സ്, ഡെങ്കി, മലേറിയ തുടങ്ങിയവക്ക് കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും കണ്ടെത്താന്‍ ഈ ചിപ്പിനാവും. ഈ പോര്‍ട്ടബിള്‍ ടെസ്റ്റ് സംവിധാനത്തിലൂടെ അതിവേഗം പകര്‍ച്ചവ്യാധി കണ്ടെത്താനും ഇതിലൂടെ രോഗവ്യാപനം തടയാനും കഴിയുമെന്ന് പഠനസംഘത്തിലുള്‍പ്പെട്ട യൂനിവേഴ്സിറ്റിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പവിത്ര സുകുമാര്‍ പറഞ്ഞു.
ഉമിനീരെടുത്താണ് ചിപ്പില്‍ പരിശോധിക്കുന്നത്. 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് ചിപ്പിന് കൊടുക്കേണ്ടതുണ്ട്. ഇതിനായി ചൂട് പാത്രമോ ഓവനോ ഉപയോഗിക്കാം. ചിപ്പിന്റെ പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്ന് ചിപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം തുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനായി നിക്ഷേപകരെ തേടുകയാണെന്നും ഗവേഷകസംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

