ആ നമ്പർ പ്ലേറ്റ് വിറ്റത് 67.2 ലക്ഷം ദിർഹമിന്!
text_fieldsദുബൈ: ഒരു നമ്പർ േപ്ലറ്റ് ലേലം വിളിച്ചത് 67.2 ലക്ഷം ദിർഹമിന്! ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിച്ച 121-ാമത് വാഹന നമ്പർ പ്ലേറ്റുകളുടെ പരസ്യ ലേലത്തിലാണ് വമ്പൻ തുകക്ക് ഒരു നമ്പർ ലേലംകൊണ്ടത്. ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച ഈ ഫാൻസി നമ്പർ ‘CC44’ ആണ്.
ഏറ്റവും ഡിമാൻഡുണ്ടായിരുന്ന ഈ നമ്പർ േപ്ലറ്റിന് ആവശ്യക്കാരേറിയപ്പോൾ ഒടുവിൽ 67.2 ലക്ഷം ദിർഹമിന് വിൽപന ഉറപ്പിക്കുകയായിരുന്നു. ശനിയാഴ്ച ഹിൽട്ടൺ ദുബൈ അൽ ഹബ്‌തൂർ സിറ്റിയിൽ നടന്ന ലേലത്തിൽ മൊത്തം 6.572 കോടിയിലധികം ദിർഹമാണ് ആർ.ടി.എ സമാഹരിച്ചത്. ആകർഷകമായ നമ്പർ കോമ്പിനേഷനുകൾക്കായി ആളുകൾ വാശിയോടെ ലേലം വിളിക്കുകയായിരുന്നു. ‘BB18’ എന്ന നമ്പർ പ്ലേറ്റ് 66.2 ലക്ഷം ദിർഹമിനും ‘BB80’ എന്ന നമ്പർ പ്ലേറ്റ് 59 ലക്ഷം ദിർഹമിനും ലേലത്തിൽ പോയി.
രണ്ടക്ക നമ്പറുകൾക്ക് മാത്രമല്ല, പുറമെ മൂന്നക്ക നമ്പറുകൾക്കും മികച്ച ആവശ്യക്കാരാണുണ്ടായിരുന്നത്. ‘BB117’ എന്ന നമ്പർ പ്ലേറ്റ് 10.16 ലക്ഷം ദിർഹമിനാണ് ലേലത്തിൽ വിറ്റഴഞ്ഞതെന്ന് ആർ..ടിഎ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ അടങ്ങിയ 60 വിശിഷ്ട നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വിൽപനക്കായി അവതരിപ്പിച്ചത്. AA, BB, CC, H, U, V, W, X, Y, Z എന്നീ 10 കോഡുകളിലായാണ് ഈ നമ്പറുകൾ. നിഷ്പക്ഷത, സുതാര്യത, തുല്യ അവസരം എന്നിവ ഉറപ്പുനൽകുന്ന ആർ.ടി.എയുടെ ലേലരീതിയുടെ വിജയത്തിന് തെളിവാണ് ഈ കണക്കുകളെന്ന് അധികൃതർ പറഞ്ഞു.

