റാക് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്
text_fieldsറാക് അന്താരാഷ്ട്ര വിമാനത്താവളം
റാസല്‍ഖൈമ: എമിറേറ്റിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയില്‍ റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേട്ടമെന്ന് റാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും റാക് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എൻജിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ ആല് ഖാസിമി. യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനവാണ് റാസല്‍ഖൈമ വിമാനത്താവളം കൈവരിച്ചത്. 661,765 യാത്രക്കാരെയാണ് 2024ല്‍ റാക് എയര്‍പോര്‍ട്ട് സ്വാഗതം ചെയ്തത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനവും 2022നെ അപേക്ഷിച്ച് ഇരട്ടി വര്‍ധനയുമാണിത്. ഇവിടെ നിന്ന് യാത്ര തിരിച്ചവരുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ എയര്‍ലൈനുകള്‍, പുതിയ ലക്ഷ്യസ്ഥാനങ്ങള്‍, മറ്റു അനിവാര്യമായ യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് റാക് എയര്‍പോര്‍ട്ടിന് നേട്ടമായത്.
കാര്‍ഗോ പ്രവര്‍ത്തനങ്ങളിലും അസാധാരണമായ വര്‍ധനവാണ് പോയവര്‍ഷം റാക് എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. 6652 ടൺ ചരക്ക് നീക്കമാണ് ഇവിടെ നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 97 ശതമാനം വര്‍ധനവ്. ഇ-കൊമേഴ്സ്, ലോജിസ്റ്റിക് രംഗത്തെ വികാസത്തോടെ ആഗോള വിതരണ ശൃംഖലകളില്‍ വിമാനത്താവളത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം അടിവരയിടുന്നതാണ് കണക്കുകള്‍. വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച കാര്‍ഗോ സംവിധാനങ്ങള്‍ ശ്രദ്ധേയ നേട്ടത്തിന് കാരണമായെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
7,440 വിമാന സര്‍വീസുകളാണ് 2024ല്‍ റാക് എയര്‍പോര്‍ട്ട് വഴി നടത്തിയതെന്ന് ചെയര്മാന് ശൈഖ് സാലിം അല്‍ ഖാസിമി ചൂണ്ടിക്കാട്ടി.
കൂടുതല്‍ വിമാന കമ്പനികള്‍ പുതിയ ലക്ഷ്യ സ്ഥാനങ്ങള്‍ അവതരിപ്പിച്ചത് നേട്ടമായി. യാത്രികരുടെയും ചരക്ക് നീക്കത്തിലെയും വര്‍ധന വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യക്ഷമമായ സേവനത്തെയും പ്രതിഫലിപ്പിക്കുന്നു. സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ റാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ശ്രദ്ധ പുലര്‍ത്തുന്നു.
ടെര്‍മിനലുകളില്‍ ഗള്‍ഫ് കറന്‍സി വിനിമയ സേവനങ്ങളുള്‍പ്പെടെ ഏര്‍പ്പെടുത്തിയത് യാത്രികര്‍ക്ക് സഹായകമായി. യുറല്‍ എയര്‍ (റഷ്യ), എന്റര്‍ എയര്‍ (പോളണ്ട്), ഹൈ സ്കൈ (റുമാനിയ) തുടങ്ങിയ പുതിയ ചാര്‍ട്ടര്‍ എയര്‍ലൈനുകളെ സ്വാഗതം ചെയ്തത് അന്താരാഷ്ട്ര കണക്ടിവിറ്റി വിപുലപ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്നും ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ ആല് ഖാസിമി തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

