ഷാർജയിൽ പുതു സംരംഭങ്ങളുടെ എണ്ണം വർധിക്കുന്നു
text_fieldsഷാർജ: പ്രാദേശിക, ആഗോള തലങ്ങളിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഷാർജയിൽ പുതു സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ 36 ശതമാനം വർധന രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 2,991 പുതിയ ലൈസൻസുകളാണ് ഷാർജ സാമ്പത്തിക വികസന വകുപ്പ് (എസ്.ഇ.ഡി.ഡി) അനുവദിച്ചത്. ഇതേ കാലയളവിൽ പുതുക്കിയ ലൈസൻസുകളുടെ എണ്ണം 15,930 ആണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ച മൊത്തം ബിസിനസ് ലൈസൻസുകളുടെ എണ്ണം 18,921 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 18,768 ആയിരുന്നു. ഒരു ശതമാനമാണ് വർധന. ഷാർജയിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ശക്തിയും ബിസിനസ് സാധ്യതകളുള്ള നിക്ഷേപ കേന്ദ്രമെന്ന ഷാർജയുടെ ആകർഷണീയതയും വർധിക്കുന്നുവെന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഷാർജ ഇകണോമിക് ഡവലപ്മെന്റ് ഡിപാർട്ട്മെന്റ് ചെയർമാനും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ഹമദ് അലി അബ്ദുല്ല അൽ മഹമ്മൂദ് പറഞ്ഞു.
വാണിജ്യ രംഗത്ത് 1671 പുതിയ ലൈസൻസുകളും 999 പ്രഫഷനൽ ലൈസൻസുകളുമാണ് ഇക്കാലയളവിൽ അനുവദിച്ചത്. ഇൻഡസ്ട്രിയൽ, ഇത്തിമാസ് ലൈസൻസുകളുടെ എണ്ണം 123 ഉും ഇ-കൊമേഴ്സ് ലൈസൻസകളുടെ എണ്ണം 75ലുമെത്തിയിട്ടുണ്ട്. പുതുക്കിയ ലൈസൻസുകളുടെ കാര്യത്തിൽ വാണിജ്യ മേഖലയാണ് മുന്നിൽ. 1028 ലൈസൻസാണ് ഈ മേഖലയിൽ പുതുക്കിയത്. 4,454 ലൈസൻസുകളുമായി പ്രഫഷനൽ മേഖലയാണ് തൊട്ടുപിന്നിൽ. 867 ലൈസൻസുകളുമായി ഇൻഡസ്ട്രിയൽ മേഖലയാണ് മൂന്നാം സ്ഥാനത്ത്.
മെയിൻ ബ്രാഞ്ചിൽ 1510 ലൈസൻസുകളും ഇൻഡസ്ട്രിയൽ മേഖല ബ്രാഞ്ച് 841ഉം ലൈസൻസുകൾ അനുവദിച്ചു. മധ്യ മേഖലയിൽ 326 ലൈസൻസുകളും ഖോർഫക്കാൻ 195ഉും കൽബയിൽ 98ഉം ദിബ്ബ അൽ ഹിസൻ 21ഉം ലൈസൻസ് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

