നാളെക്കായി ഒരു പച്ചപ്പ്; 'ഗ്രീൻ സദഖ' പദ്ധതിയുമായി നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ വിദ്യാർഥികൾ
text_fieldsനോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ ‘ഗ്രീൻ സദഖ: ഫോറസ്റ്റ് ബിയോണ്ട് ബോർഡേഴ്സ്’ പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചപ്പോൾ
അജ്മാൻ: ആഗോള വനവൽക്കരണ പദ്ധതിയായ ‘ഗ്രീൻ സദഖ: ഫോറസ്റ്റ് ബിയോണ്ട് ബോർഡേഴ്സ്’ ഔദ്യോഗികമായി അവതരിപ്പിച്ച് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ. പ്രമുഖ പരിസ്ഥിതി സംഘടനയായ ‘ഇക്കോ മാച്ചറു’മായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ‘ഒരു വിദ്യാർഥി, ഒരു മരം, ഒരു ശാശ്വത പുണ്യം’ എന്ന സന്ദേശമാണ് പരിസ്ഥിതി സംരക്ഷണവും സേവന മൂല്യങ്ങളും ഒന്നിക്കുന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്.
ഗ്രീൻ സദഖ പദ്ധതിയിലൂടെ യു.എ.ഇ, തായ്‌ലാൻഡ്, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി 3,000 മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് സ്കൂൾ ലക്ഷ്യമിടുന്നത്. ഇതുവഴി വിദ്യാർഥികളെ ഹരിതാഭമായ ഭാവിക്കുവേണ്ടി ശാക്തീകരിക്കുകയെന്നതാണ് ദൗത്യം. ഈ പദ്ധതിയിലൂടെ മൂന്നു രാജ്യങ്ങളിലൊന്നിൽ ഒരു മരം നട്ടുപിടിപ്പിക്കാനുള്ള അവസരം ഓരോ വിദ്യാർഥിക്കും ലഭിക്കും. മരങ്ങൾ നട്ടുവളർത്തുന്നതിനൊപ്പം കാലാവസ്ഥ സംരക്ഷണം, ജൈവവൈവിധ്യം, പരിസ്ഥിതി പുനരുദ്ധാരണം എന്നിവയെക്കുറിച്ച് നേരിട്ട് പഠിക്കാൻ കുട്ടികൾക്ക് ഇത് അവസരമൊരുക്കുന്നു. 'ഇക്കോ മാച്ചർ' പോർട്ടൽ വഴി വിദ്യാർഥികൾക്ക് തങ്ങൾ നട്ട മരത്തിന്‍റെ വളർച്ച തത്സമയം നിരീക്ഷിക്കാൻ കഴിയും.
തങ്ങൾ വസിക്കുന്ന ഭൂമിയോടുള്ള ഉത്തരവാദിത്തം മനസ്സിലാക്കുന്ന തലമുറയെ വളർത്തിയെടുക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ടോം മീക്കിൻ പറഞ്ഞു. ‘ഗ്രീൻ സദഖ’യിലൂടെ വിദ്യാർഥികൾ ആഗോള വനവൽക്കരണ ശ്രമങ്ങളിൽ പങ്കാളികളാകുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, സുസ്ഥിര വികസനം, എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യും. ഈ മരങ്ങൾ വളരുന്നതിനൊപ്പം അവ നട്ടുവളർത്തിയ വിദ്യാർഥികളിലൂടെ നല്ലൊരു പാരമ്പര്യവും വളരുകയാണ്. ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്കും വരുംതലമുറകൾക്കും മികച്ച മാതൃകയും പ്രചോദനവും സമ്മാനിക്കുമെന്നും ടോം മീക്കിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

