നോര്‍ക്ക കെയര്‍; സമയപരിധി നീട്ടിയതില്‍ ആശ്വാസം
text_fieldsഷാര്‍ജ: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടിയ ആശ്വാസത്തില്‍ പ്രവാസി സമൂഹം.
പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ച അവസാന തീയതി ഒക്ടോബര്‍ 21 എന്നത് 31ലേക്ക് നീട്ടിയിരുന്നു. വിവിധ കോണുകളില്‍നിന്ന് സമയപരിധി നീട്ടണമെന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് നവംബര്‍ 30ലേക്ക് അധികൃതര്‍ പുനര്‍നിശ്ചയിച്ചത്. ഗള്‍ഫ് പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ പ്രധാനമായിരുന്നു സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ പദ്ധതി.
ലോക കേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആശയത്തിന്റെ സാക്ഷാത്കാരമായ നോർക്ക കെയര്‍ ആരോഗ്യ സുരക്ഷ പദ്ധതിയെ ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്.
നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍, വിദേശത്ത് പഠിക്കുന്ന നോര്‍ക്ക സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡുള്ള കേരളീയരായ വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാനങ്ങളിലുള്ള എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ തുടങ്ങിയവര്‍ക്ക് നോര്‍ക്ക കെയര്‍ പദ്ധതിയില്‍ അംഗത്വമെടുക്കാം. സാധുവായ കാര്‍ഡുകളില്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം നിലവില്‍ പുതിയ കാര്‍ഡുകള്‍ ലഭിക്കും. കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍തന്നെ നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിക്ക് അപേക്ഷിക്കാവുന്നതും പേമെന്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ നിമിഷത്തില്‍തന്നെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഡിജിറ്റലായി ലഭിക്കുകയും ചെയ്യും.
പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ദി ന്യൂ ഇന്ത്യ അഷുറന്‍സുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ 18,000ലേറെ ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ ലഭ്യമാകും. ഭര്‍ത്താവും ഭാര്യയും 25 വയസ്സുവരെയുള്ള രണ്ട് മക്കളുള്‍പ്പെടുന്ന ഫാമിലി ഫ്ലോട്ടര്‍ പദ്ധതിക്ക് 13,411 രൂപയാണ് പ്രീമിയം. 18-70 വയസ്സ് പ്രായപരിധിയിലുള്ള വ്യക്തിക്ക് 8,101 രൂപ, അധികമായി ഒരു കുട്ടിക്ക് 25 വയസ്സില്‍ താഴെ 4130 രൂപ ഇങ്ങനെയാണ് ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം നിരക്ക്. നിലവിലുള്ള രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നത് നോര്‍ക്ക കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

