നോർക്ക കെയർ പ്ലസ്; അപേക്ഷ തീയതി നീട്ടണം -വേള്‍ഡ് കെ.എം.സി.സി
text_fieldsദുബൈ: നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ചുരുങ്ങിയത് ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് വേള്‍ഡ് കെ.എം.സി.സി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. നിലവില്‍ സപ്തംബര്‍ 18ന് അവസാനിച്ച പരിധി നീട്ടിയാൽ പരമാവധി അംഗങ്ങളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാന്‍ പ്രവാസി സംഘടനകള്‍ക്ക് കാമ്പയിന്‍ നടത്താനും പ്രവര്‍ത്തിക്കാനും സാവകാശം ലഭിക്കും. അംഗസംഖ്യ വർധിക്കുന്നത് പദ്ധതിയുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മധ്യവേനലവധി കഴിഞ്ഞ് ഗൾഫ് പ്രവാസികള്‍ സെപ്റ്റംബര്‍ പകുതി കഴിഞ്ഞേ പൂർണമായും തിരിച്ചെത്തുകയുള്ളൂ. വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവാണ് ഇതിനു കാരണം. അതുകൊണ്ട് ഇക്കാര്യത്തില്‍ സത്വര നടപടികള്‍ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിവിധ പ്രവാസി വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ലോകവ്യാപകമായി കെ.എം.സി.സി സംഘടന ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. പുതുതായി നിലവില്‍ വന്ന ഈജിപ്ത് കമ്മിറ്റിയെ അഭിനന്ദിച്ചു. കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്മാന്‍ സ്വാഗതവും ഖജാഞ്ചി യു.എ. നസീര്‍ നന്ദിയും പറഞ്ഞു. സി.വി.എം. വാണിമേല്‍, അബ്ദുല്ല ഫാറൂഖി, കുഞ്ഞമ്മദ് പേരാമ്പ്ര, എസ്.എ.എം. ബഷീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

