അമുസ്ലിംകൾക്ക് സ്വന്തം വ്യക്തിനിയമം: ദുബൈയിൽ പ്രത്യേക അനന്തരാവകാശ വകുപ്പ്
text_fieldsദുബൈ: അനന്തരാവകാശ നടപടിക്രമങ്ങളിൽ പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന നീക്കവുമായി ദുബൈ കോടതി. എമിറേറ്റിൽ താമസമാക്കിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് വേണ്ടി പ്രത്യേക വകുപ്പിന് രൂപം നൽകിയിരിക്കുകയാണ് അധികൃതർ. ഇതോടെ സ്വന്തം ഇഷ്ടപ്രകാരമുള്ള നിയമമനുസരിച്ച് സ്വത്ത് വീതം വെക്കാനും തർക്കങ്ങളിൽ പരിഹാരം കാണാനും സാധിക്കും.
പുതിയ സംവിധാനം മലയാളികളടക്കമുള്ള താമസക്കാർക്ക് ഉപകാരപ്പെടുന്നതാണ്. കൃത്യമായ നിയമ ചട്ടക്കൂട് അടിസ്ഥാനമാക്കി അനന്തരാവകാശ വിഷയങ്ങളിൽ മുസ്ലിം ഇതര വിഭാഗങ്ങളുടെ വ്യക്തിനിയമം നടപ്പാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ദുബൈ കോടതികൾക്ക് കീഴിൽ ഈ വിഭാഗത്തിൽപെട്ടവർക്ക് വിൽപത്രങ്ങൾ നിയമപരമാക്കാനുള്ള പ്ലാറ്റ്ഫോം വകുപ്പ് ഒരുക്കും.
സാംസ്കാരിക വൈവിധ്യങ്ങളെ ബഹുമാനിക്കുകയും സമഗ്രവും മികച്ചതുമായ നിയമ ചട്ടക്കൂട് രൂപപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ദുബൈ കോടതിയുടെ നടപടി. അനന്തരാവകാശ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സുഗമമാക്കാനും വകുപ്പ് ഉപകാരപ്പെടും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശാനുസൃതമാണ് വകുപ്പ് രൂപപ്പെടുത്തിയതെന്ന് ദുബൈ അനന്തരാവകാശ പ്രത്യേക കോടതി മേധാവി ജഡ്ജ് മുഹമ്മദ് ജാസിം അൽ ശംസി പറഞ്ഞു.
ദുബൈയിൽ നേരത്തെ അമുസ്ലിം താമസക്കാരുടെ അനന്തരാവകാശ, വിൽപത്രങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പിലെത്തുന്നതിന് പ്രത്യേക നിയമം രൂപപ്പെടുത്തിയിരുന്നു. വ്യക്തമായ ചട്ടക്കൂടിനകത്ത് ഇത്തരം വിഷയങ്ങൾ പരിഹരിക്കാനുള്ള ഉള്ളടക്കമാണ് ഇതിനുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എമിറേറ്റിൽ വിൽപത്രം രജിസ്റ്റർ ചെയ്യാനും ദുബൈയിൽ ആത്മവിശ്വാസത്തോടെയും സുതാര്യമായും നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനാണിത് തയാറാക്കിയത്. കഴിഞ്ഞ വർഷം അബൂദബിയിൽ അമുസ്ലിം വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക കോടതി സ്ഥാപിച്ചിരുന്നു.
ഈ വർഷം ഫെബ്രുവരി മുതൽ രാജ്യത്ത് വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിൽ ബാധകമായ അമുസ്ലിം വ്യക്തിനിയമം നിലവിൽ വരികയും ചെയ്തു. ഇതിന്‍റെ തുടർച്ചയായാണ് മുസ്ലിം ഇതര വിഭാഗങ്ങൾക്ക് സഹായകമാകുന്ന അനന്തരാവകാശ വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

