Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നോൽ’ കാർഡുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്

text_fields
bookmark_border
നവീകരണ പദ്ധതി 72 ശതമാനം പൂർത്തിയായി
‘നോൽ’ കാർഡുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്
cancel

ദുബൈ: യു.എ.ഇയിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). നിലവിലുള്ള പ്ലാസ്റ്റിക് കാർഡ് അധിഷ്ഠിത ടിക്കറ്റിങ് 'നോൽ' സംവിധാനത്തെ, അത്യാധുനിക ഡിജിറ്റൽ അക്കൗണ്ട് ടിക്കറ്റിങ് സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നവീകരണ പദ്ധതിയുടെ 72 ശതമാനം ജോലികളും പൂർത്തിയായതായി ആർ.ടി.എ അറിയിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെയും ഫിനാൻഷ്യൽ ടെക്‌നോളജിയിലെയും ആഗോള മുന്നേറ്റങ്ങൾക്ക് അനുസൃതമായി രാജ്യാന്തര നിലവാരത്തിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. 2027ന്റെ ആദ്യ പാദത്തോടെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകും.

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ലളിതവും ജനസൗഹൃദവുമാക്കുന്ന പദ്ധതി ആർ.ടി.എയുടെ സമഗ്രമായ ഡിജിറ്റൽ പരിവർത്തന യാത്രയിലെ തന്ത്രപരമായ ചുവടുവെപ്പാണെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. വിവിധ യാത്രാമാർഗങ്ങളെയും സേവനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംയോജിതമായ ഏകീകൃത പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കാൻ ആർ.ടി.എയെ പ്രാപ്തമാക്കുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ ലളിതമാക്കാനും, സുഗമമായി ജീവിക്കാനും യാത്ര ചെയ്യാനുമുള്ള ലോകത്തിലെ മികച്ച നഗരമാക്കി ദുബൈയെ മാറ്റാനുമുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതി.

പുതിയ സംവിധാനം പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ യാത്രക്കാർക്ക് പ്ലാസ്റ്റിക് കാർഡുകളെ മാത്രം ആശ്രയിക്കേണ്ടി വരില്ല. ക്യു.ആർ കോഡ്, ഡിജിറ്റൽ വാലറ്റുകൾ, ബാങ്ക് കാർഡുകൾ എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ യാത്ര ചെയ്യാം. ഭാവിയിൽ ഫേഷ്യൽ റെക്കഗ്നിഷൻ പോലുള്ള അത്യാധുനിക ബയോമെട്രിക് സാങ്കേതികവിദ്യകളും ഇതിന്റെ ഭാഗമാകും. മെട്രോ, ബസ്, വാട്ടർ ടാക്സി തുടങ്ങിയ പൊതുഗതാഗതത്തിന് പുറമെ നോൽ കാർഡുകൾ ഉപയോഗിച്ചുള്ള മറ്റ് പെയ്‌മെന്റുകളും ഇതിലൂടെ കൂടുതൽ എളുപ്പമാകും.

യാത്രക്കാർക്ക് സ്വന്തം അക്കൗണ്ടുകൾ ഡിജിറ്റലായി ക്രമീകരിക്കാനും കുടുംബാംഗങ്ങളുടെ കാർഡുകൾ ഇതുമായി ബന്ധിപ്പിക്കാനും സാധിക്കുന്ന ഫാമിലി അക്കൗണ്ട് സൗകര്യവും ലഭ്യമാകും. കൂടാതെ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് ബാലൻസ് തീരുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി പണം റീചാർജ് ചെയ്യാനുള്ള ഓട്ടോമാറ്റിക് ടോപ്പ്-അപ്പ് സംവിധാനവും ഇതിലുണ്ട്. കാർഡുകൾ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാനും അക്കൗണ്ടിലെ ബാലൻസ് സുരക്ഷിതമായി തിരിച്ചുപിടിക്കാനും പുതിയ അക്കൗണ്ട് അധിഷ്ഠിത സംവിധാനത്തിലൂടെ സാധിക്കും.

‘കാഷ്‌ലെസ് ദുബൈ’ എന്ന ദുബൈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പുതിയ പദ്ധതി. ദുബൈയിലെ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ തടസ്സമില്ലാത്തതും വേഗതയേറിയതുമായ യാത്രാനുഭവമാണ് ആർ.ടി.എ ഇതിലൂടെ ഉറപ്പുനൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Nol' cards to be fully digitalised
Next Story