നോൾ കാർഡുകളുടെ റീ ചാർജ് ഇനി സൂം സ്റ്റോറുകളിലും
text_fieldsസൂം സ്റ്റോറുകൾ വഴി നോൾ കാർഡ് റീചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരാറിൽ ആർ.ടി.എ, ഇനോക് പ്രതിനിധികൾ ഒപ്പുവെക്കുന്നു
ദുബൈ: ദുബൈയിലെ പൊതുഗതാഗത വാഹനങ്ങളിൽ ഉപയോഗിക്കുന്ന നോൾ കാർഡുകൾ ഇനി സൂം സ്റ്റോറുകളിലും റീ ചാർജ് ചെയ്യാം. ഇനോക്കിന്‍റെയും എപ്കോയുടെയും സ്റ്റാൻഡ് എലോൺ സ്റ്റോറുകളിലും (സ്വയം പ്രവർത്തിക്കുന്ന സ്റ്റോറുകൾ) ഈ സൗകര്യം ലഭ്യമാണ്. നിലവിൽ മെട്രോ, ബസ് സ്റ്റേഷനുകളിലും ടിക്കറ്റ് വെൻഡിങ് മെഷീനുകളിലുമാണ് നോൾ കാർഡ് റീചാർജ് ചെയ്യാൻ സംവിധാനമുള്ളത്. മൊബൈലിലെ നോൾ ആപ്ലിക്കേഷൻ, ആർ.ടി.എ വെബ്സൈറ്റ്, നെറ്റ് ബാങ്കിങ് എന്നിവ വഴിയും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു.
സൂം, ഇനോക്, എപ്കോ സ്റ്റോറുകളിലും സംവിധാനം ഏർപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ എത്താതെ റീചാർജ് ചെയ്യാനുള്ള കൂടുതൽ സൗകര്യം ലഭിക്കും. സ്റ്റേഷനുകളിലെ വരിനിൽക്കൽ കുറക്കാനും ഇത് ഉപകരിക്കും. ഇത് സംബന്ധിച്ച കരാറിൽ ആർ.ടി.എ ഓട്ടോമേറ്റഡ് കലക്ഷൻ സിസ്റ്റം ഡയറക്ടർ അമാനി അൽമീരിയും ഇനോക് റീടെയിൽ മാനേജിങ് ഡയറക്ടർ സെയ്ദ് അൽഖുഫൈദിയും ഒപ്പുവെച്ചു. എക്സ്പോയിലെ എനോക് പവിലിയനിലായിരുന്നു കരാർ ഒപ്പുവെക്കൽ.
എപ്കോയുടെയും ഇനോക്കിന്‍റെയും ദുബൈയിലെ 50 സ്റ്റോറുകളിലാണ് സൗകര്യമൊരുക്കുക. സൂം സ്റ്റോറുകൾ വഴി 24 മണിക്കൂറും സേവനം ലഭിക്കും. പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഗ്രോസറികളിലും ഷോപ്പിങ് സെന്‍ററുകളിലും പൊതുപാർക്കുകളിലും ഇത്തിഹാദ് മ്യൂസിയത്തിലുമെല്ലാം നോൾ കാർഡുകൾ ഉപയോഗിക്കാം. ദുബൈയിൽ സ്മാർട്ട് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നോൾ കാർഡുകൾ സ്റ്റോറുകൾ വഴിയും റീ ചാർജ് ചെയ്യാൻ അവസരമൊരുക്കുന്നത്.
ബസ് ഡിപ്പോകൾ പരിസ്ഥിതി സൗഹൃദമാക്കാൻ ആർ.ടി.എ
ദുബൈ: ബസ് ഡിപ്പോകൾ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടി ദുബൈ ആർ.ടി.എ ഊർജിതമാക്കി. മലിനജലം പൂർണമായും പുനരുപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റിയാണ് പരിസ്ഥിതി സൗഹൃദ നടപടികൾ ശക്തിപ്പെടുത്തുന്നത്. അൽ റവിയ്യ ബസ് ഡിപ്പോയിൽ ഇത് വിജയകരമായി പൂർത്തിയാക്കിയതോടെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ആർ.ടി.എയുടെ സുസ്ഥിര പദ്ധതിയുടെ ഭാഗമായാണ് നടപടി. 2020ൽ അൽ റവിയ്യ ബസ് ഡിപ്പോയിൽ 12 ദശലക്ഷം ഗാലൺ ജലമാണ് ഉപയോഗിച്ചത്. ഇത് കണക്കിലെടുക്കുമ്പോൾ ജലം പൂർണമായും പുനരുപയോഗിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ആർ.ടി.എ മെയിന്‍റനൻസ് ആൻഡ് സർവിസ് ഡയറക്ടർ മർവാൻ അൽ സറൂനി പറഞ്ഞു. ഇതുവഴി പ്രതിമാസ ജല ഉപഭോഗ ബില്ലിൽ 90 ശതമാനം ലാഭിക്കാനും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

