പാം മോണോ റെയിലിലും ഇനി 'നോൾ' കാർഡ് ഉപയോഗിക്കാം
text_fieldsദുബൈ: നഗരത്തെയും പാം ജുമൈറയെയും ബന്ധിപ്പിക്കുന്ന പാം മോണോറെയിൽ യാത്രക്കും ഇനി 'നോൾ' കാർഡുകൾ ഉപയോഗിക്കാമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
യു.എ.ഇയിലെ പ്രമുഖ നിർമാണ കമ്പനിയായ നഖീലിന്റെ ഉടമസ്ഥതയിലുള്ളതാണ് പാം മോണോ റെയിൽ. ഇതിൽ ആർ.ടി.എയുടെ ഇ-ടിക്കറ്റിങ് കാർഡായ 'നോൾ' കാർഡ് വഴി ടിക്കറ്റ് ചാർജ് നൽകാമെന്ന തീരുമാനം സഞ്ചാരികൾക്കും താമസക്കാർക്കും ഏറെ ഉപകാരപ്പെടും.
'നോൾ' കാർഡിന്റെ ഗോൾഡ്, സിൽവർ, ബ്ലൂ കാർഡുകളെല്ലാം ഉപയോഗിക്കാവുന്നതാണെന്ന് ആർ.ടി.എ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവിസസ് വിഭാഗം സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ മുദാറബ് പറഞ്ഞു.
എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും യാത്രക്കാർക്ക് തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കാനും നടപടി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'നോൾ' കാർഡ് പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സേവനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്.
പുതിയ സേവനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ആർ.ടി.എയും നഖീലും സഹകരണം വിപുലപ്പെടുത്തുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ കരാർ ഒപ്പുവെച്ചിരുന്നു.2009ൽ ഉദ്ഘാടനം ചെയ്ത 'ദ പാം മോണോ റെയിൽ' 5.5 കി.മീറ്റർ നീളത്തിലുള്ളതാണ്.
പാം ജുമൈറയിലേക്ക് സന്ദർശകർക്കും താമസക്കാർക്കും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും എത്തിച്ചേരാവുന്ന വഴിയുമാണിത്.
വിനോദ സഞ്ചാരികളും ധാരാളമായി റെയിൽ യാത്രക്ക് എത്തിച്ചേരാറുണ്ട്.
'നോൾ' കാർഡ് നിലവിൽ ആർ.ടിഎക്കുകീഴിലെ മെട്രോ, ബസ്, ട്രാം, സമുദ്ര ഗതാഗത സംവിധാനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. പാർക്കിങ്, പബ്ലിക്ക് പാർക്കുകളിലെ പ്രവേശനം, ഇത്തിഹാദ് മ്യൂസിയത്തിലെ പ്രവേശനം, യു.എ.ഇയിലെ വിവിധ ഔട്ട്ലെറ്റുകളിലെ പർച്ചേസ് എന്നിവക്കും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

