2010 മുതൽ റോഡപകട മരണങ്ങളില്ലാതെ ദുബൈ സ്‌കൂൾ മേഖലകൾ
text_fieldsസ്കൂൾ മേഖലകളിൽ ആർ.ടി.എ അധികൃതർ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു
ദുബൈ: 2010 മുതൽ ദുബൈയിലെ സ്കൂൾ മേഖലകളിൽ റോഡപകട മരണങ്ങൾ സംഭവിച്ചിട്ടില്ലെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എയും വിവിധ സർക്കാർ-സ്വകാര്യ പങ്കാളികളും സംയുക്തമായി നടപ്പിലാക്കിയ കൃത്യമായ എഞ്ചിനീയറിങ്, സുരക്ഷാ മുൻകരുതലുകൾ കാരണമാണ് ഇത് സാധ്യമായത്. ഇത് നിലനിർത്തുന്നതിനായി പുതിയ അധ്യയന വർഷത്തിന്‍റെ (2026–2027) തുടക്കത്തോടനുബന്ധിച്ച് വിദ്യാർഥികൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ എന്നിവർക്കായി ആർ.ടി.എ വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ദേശീയ സുരക്ഷാ പ്രചാരണവുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂൾ മേഖലകളിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
അധ്യയന വർഷത്തിന്‍റെ ആദ്യ ആഴ്ചകളിൽ സ്കൂൾ പരിസരങ്ങളിൽ ഗതാഗതം വർധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും രക്ഷിതാക്കളും അതീവ ശ്രദ്ധ പുലർത്തണമെന്ന് ആർ.ടി.എ നിർദേശിച്ചു. വേഗത പരിധി പാലിക്കുക, ഡബിൾ പാർക്കിങ് ഒഴിവാക്കുക, കുട്ടികളെ ഇറക്കുന്നതിനും കയറ്റുന്നതിനും നിർദിഷ്ട സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക, പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും സ്കൂൾ ബസുകൾക്ക് സമീപവും വേഗത കുറക്കുക എന്നിവ കർശനമായി പാലിക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ യാത്ര വീടുകളിൽ നിന്ന് തുടങ്ങി സ്കൂൾ റോഡുകളിലൂടെയും ബസുകളിലൂടെയും പൂർത്തിയാകേണ്ട കൂട്ടായ ഉത്തരവാദിത്തമാണെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന ഓർമിപ്പിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ 20,000ത്തിലധികം രക്ഷിതാക്കളിൽ നടത്തിയ സർവേയിൽ 91 ശതമാനം പേരും കുട്ടികളെ ഇറക്കാനും കയറ്റാനുമായി നിശ്ചിത സുരക്ഷിത മേഖലകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. കൂടാതെ 44 ശതമാനം വിദ്യാർഥികൾ സ്കൂൾ ബസുകളെയും 47 ശതമാനം പേർ സ്വകാര്യ വാഹനങ്ങളെയുമാണ് യാത്രക്കായി ആശ്രയിക്കുന്നത്. പുതിയ വർഷത്തിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് ‘ഹലോ, മൈ സ്കൂൾ’, ‘ഗോൾഡൻ റൂൾസ് ഫോർ ജനറേഷൻസ് സേഫ്റ്റി’, മുതിർന്ന കുട്ടികൾക്കായുള്ള ‘വെർച്വൽ ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ സംവേദനാത്മക ബോധവൽകരണ പദ്ധതികൾ ആർ.ടി.എ തുടരും.
സ്കൂളുകൾക്ക് സമീപമുള്ള എൻട്രി, എക്സിറ്റ് പോയന്‍റുകൾ, കാൽനട ക്രോസിങ്ങുകൾ, റോഡ് അടയാളങ്ങൾ എന്നിവ മെച്ചപ്പെടുത്തി കൂടുതൽ ഗതാഗത നവീകരണ പ്രവർത്തനങ്ങളും ആർ.ടി.എ നടത്തുന്നുണ്ട്. ഡിജിറ്റൽ ക്യൂ.ആർ കോഡുകൾ ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണ സാമഗ്രികളിലൂടെ സുരക്ഷിതമായ റോഡ് ക്രോസിങ്, സീറ്റ് ബെൽറ്റ് ഉപയോഗം, വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ കുട്ടികളെ എളുപ്പത്തിൽ പഠിപ്പിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

