Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹിത്യവും നിർമിത ബുദ്ധിയും; ആശങ്കകളും സാധ്യതകളും ചർച്ച ചെയ്ത് ഷാർജ പുസ്തകോത്സവം

text_fields
bookmark_border
സാഹിത്യവും നിർമിത ബുദ്ധിയും; ആശങ്കകളും സാധ്യതകളും ചർച്ച ചെയ്ത് ഷാർജ പുസ്തകോത്സവം
cancel

ഷാർജ: നിർമിത ബുദ്ധിയെ (എ.ഐ) ചുറ്റിപ്പറ്റി ലോകത്തുയരുന്ന ആശങ്കകളും സാധ്യതകളും ചർച്ച ചെയ്ത്​ വിദഗ്ധർ. ‘നമ്മൾ ഭയപ്പെടേണ്ടതില്ല, എന്നാൽ ജാഗ്രത ആവശ്യമാണ്​’ എന്ന സന്ദേശമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പാനൽ ചർച്ചകളിലൊന്നിൽ ഉരുത്തിരിഞ്ഞ വിലയിരുത്തൽ. ലൈല അൽ-വഫി മോഡറേറ്ററായ ചർച്ചയിൽ ഈജിപ്ഷ്യൻ നോവലിസ്റ്റും വിവർത്തകയുമായ ഡോ. ഹുവൈദ സ്വാലിഹ്, പ്രൊഫ. നിർമൽ ഛാബ്രിയ, ഗ്രന്ഥകാരനും പോഡ്കാസ്റ്ററുമായ ബ്രയാൻ മക്കല്ലെ എന്നിവർ പങ്കെടുത്തു.

എ.ഐയെ ഭയപ്പെടുന്നതിന് പകരം അതിന്‍റെ ശരിയായ ഉപയോഗം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രൊഫ. നിർമൽ ഛാബ്രിയ അഭിപ്രായപ്പെട്ടു. മനുഷ്യചരിത്രത്തിലെ സാങ്കേതിക മുന്നേറ്റങ്ങളുടെ തുടർച്ച മാത്രമാണ് എ.ഐ എന്ന് ബ്രയാൻ മക്കല്ലെ ചൂണ്ടിക്കാട്ടി. മുമ്പ്​ കമ്പ്യൂട്ടറുകൾ അവതരിപ്പിച്ചപ്പോഴും സമാനമായ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ, പിൽക്കാലത്ത് അവ ജോലി കൂടുതൽ എളുപ്പമാക്കുന്ന ഉപകരണങ്ങളായി മാറിയെന്നത്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഭാവിയിൽ എ.ഐ കൈവരിച്ചേക്കാവുന്ന വളർച്ചയെക്കുറിച്ച് ഡോ. ഹുവൈദ സ്വാലിഹ് ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യന്‍റെ നിയന്ത്രണത്തിനും ചിന്തകൾക്കും അതീതമായി യന്ത്രങ്ങൾ സ്വന്തമായി ആശയവിനിമയം നടത്തുന്ന സാഹചര്യം ഉണ്ടാകുമോ എന്നതായിരുന്നു അവരുടെ സന്ദേഹം. എ.ഐ സംവിധാനങ്ങൾ പരസ്പരം നിർമിക്കുകയും പരിശീലനം നൽകുകയും ചെയ്യുമ്പോൾ, അവ മനുഷ്യ നന്മക്കായി തന്നെയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പാനൽ അംഗങ്ങൾ ഓർമിപ്പിച്ചു.

സാഹിത്യ രംഗത്ത് എ.ഐ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ. ഹുവൈദ സംസാരിച്ചു. എഴുത്തുകാരുടെ വിവരങ്ങളും കൃതികളും അവരുടെ അനുമതിയില്ലാതെ എ.ഐ പരിശീലനത്തിനായി ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ വികസനം മനുഷ്യന്‍റെ സർഗാത്മകതക്കും ഉത്തരവാദിത്വങ്ങൾക്കും വിധേയമായിരിക്കണമെന്ന പൊതു വികാരമാണ് സെഷൻ പങ്കുവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'No need to be afraid, just be cautious'
Next Story