ഒമാനിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ ആവശ്യമില്ല; യു.എ.ഇ പ്രവാസികൾക്ക് ആശ്വാസം
text_fieldsഒമാൻ-യു.എ.ഇ അതിർത്തി
ദുബൈ: മറ്റു രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ ആവശ്യമില്ലെന്ന ഒമാൻ സർക്കാറിന്റെ നിർദേശം യു.എ.ഇയിലെ പ്രവാസികൾക്ക് ആശ്വാസം. ദിവസവും റോഡ് മാർഗവും വിമാനമാർഗവും നിരവധി പ്രവാസികളാണ് അതിർത്തി കടന്ന് ഒമാനിലെത്തുന്നത്. ഇരുരാജ്യങ്ങളിലും ബിസിനസുള്ള നിരവധിപേർ യു.എ.ഇയിലുണ്ട്. പലരുടെയും ബന്ധുക്കളും ഇരുരാജ്യങ്ങളിലുമായുണ്ട്. യു.എ.ഇയിലെ ഒരു എമിറേറ്റിൽനിന്ന് മറ്റൊരിടത്തേക്ക് പോകുന്നതുപോലെ തന്നെയാണ് ഇവിടെയുള്ളവർ ഒമാനിലേക്കും സഞ്ചരിച്ചിരുന്നത്. കുറഞ്ഞ ചെലവിൽ ഒമാൻ വിസ ലഭിക്കും. ആഴ്ചയിൽ പലതവണ ഒമാനിലേക്ക് സഞ്ചരിക്കുന്നവരുമുണ്ട്. 50-100 ദിർഹം നൽകി പി.സി.ആർ എടുത്ത ശേഷമായിരുന്നു ഇവരുടെ യാത്ര. ഈ ദുരിതമാണ് ഒഴിവാകുന്നത്. വാക്സിനെടുത്തവർക്കാണ് പി.സി.ആറില്ലാത്ത യാത്ര ഒമാൻ അനുവദിക്കുന്നത്. യു.എ.ഇയിലെ 95 ശതമാനം ജനങ്ങളും വാക്സിനേഷന്റെ രണ്ട് ഡോസും പൂർത്തിയാക്കിയവരാണ്. കഴിഞ്ഞ ദിവസം യു.എ.ഇയും സമാന നിർദേശം നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽനിന്ന് വരുന്ന വാക്സിനെടുത്തവർക്ക് യു.എ.ഇയിലേക്ക് പി.സി.ആർ പരിശോധന ആവശ്യമില്ല. ഇരു രാജ്യങ്ങളിലും ഇത് ഒഴിവാക്കിയതോടെ യാത്രകൾ പഴയപടിതന്നെ തുടരാനാകുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

