യു.എ.ഇയിൽ ഇനി ബാങ്ക് ഒ.ടി.പിയില്ല; എല്ലാം ഇനി ആപ്പ് വഴി
text_fieldsദുബൈ: രാജ്യത്തെ ബാങ്കുകളിൽ നിന്ന് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ഒ.ടി.പി മെയിലിലും എസ്.എം.എസായും ലഭിക്കുന്ന പതിവ് അവസാനിക്കുന്നു. പകരം സ്മാർട് മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയായിരിക്കും ഇടപാടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നത്. ഒ.ടി.പികൾ അയക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച മുതൽ നടപടി ആരംഭിക്കും. ഇടപാടുകൾ കൂടുതൽ സുരക്ഷിതവും എളുപ്പത്തിലുമാക്കുന്നതാണ് മാറ്റം. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും ഉപഭോക്താക്കൾക്ക് സംവിധാനം വഴി സാധ്യമാകും.
എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ഇടപാടുകളും 2026 മാർച്ചോടെ ആപ്പ് വഴിയുള്ള ഒതന്‍റിഫിക്കേഷനിലേക്ക് മാറണമെന്നാണ് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത വർഷം മാർച്ചോടെ എസ്.എം.എസ് ഒടി.പികൾ പൂർണമായും ഇല്ലാതാകും. അതുവരെ ചില ഉപഭോക്താക്കൾക്ക് ഒ.ടി.പി ലഭിക്കാനും സാധ്യതയുണ്ട്. ആപ്പ് വഴിയുള്ള ആധികാരികത ഉറപ്പുവരുത്തൽ സംവിധാനം ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമുള്ളതുമാണ്. എസ്.എം.എസ് വഴിയും മെയിൽ വഴിയും വരുന്ന ഒ.ടി.പികൾ ടൈപ്പ് ചെയ്യുകയോ കോപി ചെയ്യുകയോ വേണ്ടതുണ്ടായിരുന്നു. എന്നാൽ ആപ്പ് വഴിയാകുമ്പോൾ ഇടപാടിന് അംഗീകാരം നൽകാനും തള്ളിക്കളയാനും ഒരു നിമിഷത്തിൽ സാധിക്കും.
മിക്ക സൈബർ തട്ടിപ്പുകളും ഒ.ടി.പി അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ഇടപാടുകൾ ആപ്പ് വഴി ആകുന്നതോടെ സൈബർ തട്ടിപ്പുകൾ വളരെ കുറക്കാൻ സാധിക്കും. എസ്.എം.എസ് വഴി ലഭിക്കുന്ന ഒ.ടി.പികൾ മൊബൈൽ നമ്പർ ഹൈജാക്ക് ചെയ്ത് കൈക്കലാക്കുന്ന തട്ടിപ്പുകാരുണ്ട്. ഇതിൽ നിന്നും സുരക്ഷ നൽകുന്നതാണ് പുതിയ സംവിധാനം. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്, പാസ്കോഡ്വീഡിയോ സെൽഫി പോലുള്ള തൽസമയ പരിശോധന എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ മറ്റൊരാൾക്ക് ആപ്പുകൾ ആക്സസ് ചെയ്യാൻ സാധിക്കണമെന്നില്ല.
എമിറേറ്റ്സ് എൻ.ബി.ഡി, മഷ്രിഖ്, എ.ഡി.സി.ബി, എഫ്.എ.ബി എന്നിങ്ങനെ വിവിധ ബാങ്കുകൾ ആപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിങിലേക്ക് മാറിയിട്ടുണ്ട്. ചില ബാങ്കുകൾ ആപ്പുകളിൽ തന്നെ സ്മാർട് ഒ.ടി.പി രീതിയും സ്വീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

